തിരുവനന്തപുരം: കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ കരാറിൽ ഒപ്പുവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ പത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടതിനുശേഷം 16-ാം തീയതി തന്നെ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പിണറായി വിജയൻ പുറത്തുപറയണം. എന്ത് സമ്മർദമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണെന്നും സതീശൻ ആവശ്യപ്പെട്ടു.
വിഷയം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. സിപിഎം ജനറൽ സെക്രട്ടറിയായ എം.എ. ബേബി പോലും അറിയാതെയാണ് കരാറിൽ ഒപ്പുവച്ചത്. ഇതിന്റെ പിന്നില്ലുള്ള ദുരുഹത പുറത്തുവരെണ്ടതുണ്ട്.
കരാറിൽ ഒപ്പിടാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുന്നത് ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നാണ്. കിഫ്ബി മുഖേന മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ചുവെന്ന് ഇവർ പറയുന്നു. പിന്നെ എന്തിനാണ് ഇങ്ങനെ കീഴടങ്ങിയിട്ടുള്ള ഈ പണം. ഇവർ തന്നെ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്.
ഏകപക്ഷീയമായി മുഖ്യമന്ത്രി പറയുന്നത് അടിച്ചേൽപ്പിക്കുകയാണ്. ആ മുഖ്യമന്ത്രിയുടെ മീതെ സമ്മർദം ചെലത്തുന്നത് സംഘപരിവാർ ശക്തികളാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Tags : PM Shri V.D. Satheesan