ബംഗളൂരു: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം നാലിന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമായിരുന്നു അപകടം.
അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്കും പരുക്കേറ്റു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി. വാഹനം പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
Tags : car caused accident belonged Kannada actress Divya Suresh police seized vehicle