കടുത്തുരുത്തി: ക്ഷീരഗ്രാമം പദ്ധതി പ്രഖ്യാപിച്ചതോടെ ഞീഴൂര്‍ പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ പ്രതീക്ഷയില്‍. ക്ഷീരവികസന വകുപ്പും പഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീരഗ്രാമം. കോട്ടയം ജില്ലയില്‍ ക്ഷീരഗ്രാമം പദ്ധതി അനുവദിച്ച നാലു പഞ്ചായത്തുകളിലൊന്നാണ് ഞീഴൂര്‍ പഞ്ചായത്ത്.
പഞ്ചായത്ത് വകയിരുത്തുന്ന അത്രയും തുകതന്നെ ക്ഷീരവികസന വകുപ്പും ക്ഷീരഗ്രാമം പദ്ധതിയില്‍ വകയിരുത്തും. കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വകയിരുത്തുന്ന ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ക്ഷീരഗ്രാമം പദ്ധതി സര്‍ക്കാര്‍ അനുവദിക്കുന്നത്. ഒന്ന്, രണ്ട്, അഞ്ച് എണ്ണത്തിലുള്ള പശു യൂണിറ്റുകള്‍, കാലിത്തീറ്റ, കറവയന്ത്രം, തീറ്റപ്പുൽ, യന്ത്രവത്കരണം തുടങ്ങിയ ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുക. വകുപ്പുതല പദ്ധതികള്‍ക്കായി ഈ മാസം 31 വരെ ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാവുന്നതും പഞ്ചായത്തുതല പദ്ധതികള്‍ പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് അനുവദിക്കുന്നതുമാണെന്ന് കടുത്തുരുത്തി ക്ഷീരവികസന ഓഫീസര്‍ എം. രാഗേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെയും ഞീഴൂര്‍ പഞ്ചായത്തിന്റെയും ധനസഹായത്തോടുകൂടി നടത്തുന്ന സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം പശുവിനെ വാങ്ങിയ വിലയുടെ നാലു ശതമാനം തുകയില്‍ ഇന്‍ഷ്വര്‍ ചെയ്യുമ്പോള്‍ 50 ശതമാനം സബ്സിഡി തുകയായി കര്‍ഷകര്‍ക്ക് നല്‍കും.
Tags :