കാസർഗോഡ്: വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാരംഭിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാവണമെന്ന് ജില്ലാ വികസനസമിതി യോഗം. ഇ. ചന്ദ്രശേഖരന് എംഎല്‍എയാണ് വിഷയം ഉന്നയിച്ചത്. പ്രതിദിനം ശരാശരി 200 ല്‍ അധികം പേര് ചികിത്സ തേടുന്ന ആശുപത്രിയിൽ നാലുമാസം മുമ്പാണ് കിടത്തി ചികിത്സ നിർത്തിവച്ചത്. രോഗികളെ പ്രവേശിപ്പിക്കാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ഡോക്ടര്‍മാരും ഇവിടെയുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിച്ച സാഹചര്യത്തിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാന്‍ ഒരു ട്രാന്‍സ്ഫോർമര്‍ അടിയന്തിരമായി സ്ഥാപിക്കേണ്ടതുണ്ടെന്ന് ഇ. ചന്ദ്രശേഖരന് എംഎല്‍എ പറഞ്ഞു. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു പരിചരണ വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കണമെന്നും എംഎല്‍എ ജില്ലാ മെഡിക്കല്‍ ഓഫീസറോട് നിര്‍ദേശിച്ചു. ജില്ലാ ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിൽ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ സ്ഥലം മാറിപ്പോയ സാഹചര്യത്തിൽ പുതിയ നിയമനം ആകുന്നതുവരെ താത്കാലികമായി നിയമനം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട് - കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ സമയം ജനോപകാരപ്രദമായ രീതിയില്‍ ക്രമീകരിച്ച് പുനരാരംഭിക്കണമെന്നും തൊട്ടില്‍പാലം, താമരശേരി ഡിപ്പോകളില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കുണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകൾ പുനരാരംഭിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മെക്കാഡം ടാറിംഗ് നടത്തിയ കിളിയളം- വരഞ്ഞൂര്‍ റോഡിലൂടെ പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് ആലാമിപ്പള്ളി മുതല്‍ മഡിയന്‍ വരെ നീളുന്ന ദേശീയ പൈതൃക ഇടനാഴി പദ്ധതി യാഥാര്‍ഥ്യമക്കാന്‍ നടപടികള്‍ വേണമെന്നും വിഷയത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്നും ഇ. ചന്ദ്രശേഖരന് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയില്‍ വെറ്റിനറി സര്‍വകലാശാലയുടെ കീഴിൽ ഒരു ഗവേഷണകേന്ദ്രം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ച നിരത്തുംതട്ട് കോളനിയിലെ തുടര്‍ പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് എം. രാജഗോപാലന്‍ എംഎല്‍എ യോഗത്തിൽ കത്ത് നല്കി. ചെറുവത്തൂര്‍ പഞ്ചായത്തിലെ മയിച്ച ഭാഗത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനും ശുദ്ധജലം ലഭ്യമാക്കനുമുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിനായുള്ള എബിസി പ്രവര്‍ത്തനങ്ങൾക്ക് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫണ്ട് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ആര്‍ദ്രം ബ്ലോക്ക് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബേഡഡുക്ക പഞ്ചായത്തിലെ കല്ലളിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ഹൈടെക് ആട് ഫാം ഈ മാസം 30 ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി നാടിന് സമര്‍പ്പിക്കുമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ യോഗത്തിൽ അറിയിച്ചു. ഫാമിലേക്ക് മലബാറി ആടുകളെ എത്തിക്കുന്നതിനുള്ള നടപടി പൂർത്തിയായി. ആവശ്യമുള്ള ജീവനക്കാരെ പുനർവിന്യാസത്തിലൂടെ നിയമിച്ചു. അഞ്ച് ഘട്ടങ്ങളിലായി ഹൈടെക് ആട് ഫാം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ എഡിഎം പി.അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.