മാലൂർ ഗ്രാമപഞ്ചായത്ത് തൃക്കടാരിപ്പൊയിലിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാംനില ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി. രാജേഷ് പ്രസംഗിക്കുന്നു.
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലൂടെ അഞ്ചുവർഷം കൊണ്ട് 85, 000 കോടിയുടെ വികസനം നടത്തിയെന്ന് മന്ത്രി എം.ബി. രാജേഷ്. മാലൂർ പഞ്ചായത്ത് വികസനഫണ്ട് ഉപയോഗിച്ച് തൃക്കടാരിപ്പൊയിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച തുകയും സ്ഥാപനങ്ങളുടെ തനതു ഫണ്ടും ഉപയോഗിച്ചാണ് ഇത്രയും വികസനം നാട്ടിൽ കൊണ്ടുവന്നത്. സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച 70, 000 കോടി രൂപയിൽ 41,000 കോടി രൂപയും വികസന പ്രവർത്തനങ്ങൾക്ക് മാത്രമാണ്. 18,000 കോടി രൂപ മെയിന്റനൻസ് ഗ്രാന്റാണ്.
11,000 കോടി രൂപ ജനറൽ പർപ്പസ് ഗ്രാന്റാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനകാര്യ കമ്മീഷൻ ശിപാർശ അംഗീകരിച്ച് പ്രതിവർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം അഞ്ചു ശതമാനം വീതം കൂട്ടിക്കൊടുക്കാൻ സർക്കാർ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
മാലൂർ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കടാരിപ്പൊയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിന്റെ വികസനഫണ്ടിൽ നിന്ന് 53 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.188.85 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ വാണിജ്യാവശ്യത്തിനുള്ള എട്ട് കടമുറികളും സാനിറ്റേഷൻ സൗകര്യവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷപ്രസംഗം ഓൺലൈൻ ആയി നിർവഹിച്ചു.
Tags : M.B. Rajesh