മീനാക്ഷിപുരത്തു പിടികൂടിയ സ്പിരിറ്റ് സൂക്ഷിച്ച കാനുകൾ.
പാലക്കാട്: സ്പിരിറ്റ് കേസിൽ പ്രതിയായ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. പെരുമാട്ടി സിപിഎം ലോക്കൽ സെക്രട്ടറി ഹരിദാസിനെയാണ് പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയത്. പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയതിനും പാർട്ടിക്ക് അവമതിപ്പുണ്ടാകുംവിധം പ്രവർത്തിച്ചതിനുമാണു നടപടിയെന്നു ചിറ്റൂർ ഏരിയ സെക്രട്ടറി ആർ. ശിവപ്രകാശ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്റെ തെങ്ങിൻതോപ്പിലെ ഷെഡ്ഡിൽനിന്ന് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. വ്യാജകള്ളു നിർമിക്കുന്നതിനായി 36 കന്നാസുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്. തുടർന്ന് കണ്ണയ്യന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊഴിപ്രകാരം ഹരിദാസനാണ് സ്പിരിറ്റ് എത്തിച്ചതെന്നു വ്യക്തമായതോടെയാണ് പ്രതിചേർത്തത്. കേസിൽ ഒന്നാംപ്രതിയായ ഹരിദാസൻ ഒളിവിലാണ്. സംസ്ഥാനത്തുടനീളം കള്ളുവിതരണമുള്ള ആളാണ് ഹരിദാസനെന്നും സ്പിരിറ്റ് കടത്തിന്റെ സൂത്രധാരനാണെന്നും പോലീസ് പറഞ്ഞു.
രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. എക്സൈസ് ഇന്റലിജൻസ് സംഘം കുഴൽമന്ദത്തുനിന്നു പിടികൂടിയ തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളിൽനിന്നു ലഭിച്ച മൊഴിയാണ് നിർണായകമായത്.
പൊള്ളാച്ചി ഭാഗത്തുനിന്നു മീനാക്ഷിപുരത്തെ തെങ്ങിൻതോപ്പിൽ സ്പിരിറ്റെത്തിയെന്നായിരുന്നു മൊഴി. തിങ്കളാഴ്ച രാവിലെമുതൽ പോലീസ് ഡാൻസാഫ് ടീമും എക്സൈസ് സ്പെഷൽ സ്ക്വാഡും തെരച്ചിൽ നടത്തിയിരുന്നു. വ്യാപകതെരച്ചിലിനൊടുവിലാണു സ്പിരിറ്റ് കണ്ടെടുത്തത്.
കണ്ണയ്യനുപുറമെ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി വാസവചന്ദ്രൻ, കന്യാകുമാരി സ്വദേശി മനോജ്, ആലപ്പുഴ സ്വദേശി വികാസ് എന്നിവരും പിടിയിലായി. ഹരിദാസിനുവേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ചിറ്റൂർ പോലീസ് ലഹരിവിരുദ്ധ സ്വകാഡ്, ഡിവൈഎസ്പി അബ്ദുൾമുനീർ, മീനാക്ഷിപുരം എസ്ഐ വിജയരാഘവൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
Tags : CPM nattuvisesham local news