കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റർ ദൂരം കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യഘട്ട അവാർഡ് ഇന്നലെ ഗുണഭോക്താക്കൾക്കു കൈമാറി.
അവാർഡ് കൈമാറൽ ചടങ്ങ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് കെ.കെ. ഉഷ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്പെഷൽ താഹ്സിൽദാർ ഉൾപ്പെടെ ജനപ്രിതിനീതികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങി നിരവധി പേർ സംസാരിച്ചു.
ഭൂമി സംബന്ധിച്ച മുഴുവൻ രേഖകളും ആദ്യഘട്ടത്തിൽ ഹാജരാക്കിയ ഏഴ് ഗുണഭോക്താക്കൾക്കാണ് ഒന്നാംഘട്ടത്തിൽ അവാർഡായിട്ടുള്ളത്. ഏഴ് ഗുണഭോക്താക്കൾക്കായി 82.71 ലക്ഷം രൂപയുടെ അവാർഡ് അംഗീകരിച്ച് കളക്ടറുടെ ഉത്തരവായത്. മറ്റു ഗുണഭോക്താക്കൾ ഭൂമിയുടെ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് തുടർന്നുള്ള ഘട്ടങ്ങളിൽ അവാർഡ് അംഗീകരിക്കും.
അഞ്ഞൂർ വില്ലേജിൽ 177 സെന്റ് ഭൂമിയാണ് കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാത നിർമിക്കുന്നതിനായി ഏറ്റെടുക്കുന്നത്. ഒരു സെൻ്റിന് 11 ലക്ഷത്തോളം രൂപ നഷ്ടപരിഹാര തുകയായി നൽകും. 21 ഗുണഭോക്താക്കൾക്ക് പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 23 ലക്ഷം രൂപയുടെ പാക്കേജിനും അംഗീകാരമായി. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെ കൃത്യമായ ഇടപെടലുകളാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കിയത്.