കോട്ടയം: പ്രളയക്കെടുതിയും വെള്ളക്കെട്ടും ചെറുക്കാന്തക്കവിധം നവീനരീതിയില്‍ പണിയുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് വികസനപദ്ധതി അവസാനഘട്ടത്തില്‍. പാത നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായതായി ആലപ്പുഴ ജില്ലാ വികസനസമിതി യോഗത്തില്‍ കെഎസ്ടിപി അറിയിച്ചു.
പദ്ധതിയില്‍പ്പെട്ട പള്ളാത്തുരുത്തി പാലത്തിന്റെ നിര്‍മാണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. 2018ലും തുടര്‍ വര്‍ഷങ്ങളിലുമുണ്ടായ പ്രളയങ്ങളില്‍ മാസങ്ങളോളം ഗതാഗതം നിലച്ച സാഹചര്യത്തിനു പരിഹാരമായാണ് റോഡ് ഉയര്‍ത്തി 2023ല്‍ പൂര്‍ത്തിയാകും വിധം പദ്ധതി തയാറാക്കിയത്.
പള്ളാത്തുരുത്തിയില്‍ പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് നവീകരിക്കാന്‍ കാലതാമസമുണ്ടായതാണ് പണി വൈകാന്‍ പ്രധാന കാരണമായത്. 24.14 കിലോമീറ്റര്‍ പാതയുടെ നവീകരണത്തിന് റീബില്‍ഡ് കേരള പദ്ധതിയില്‍ 671.66 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ പണി തീരുമ്പോള്‍ 880 കോടി രൂപ ചെലവ് വരും. നാല് വലിയ പാലങ്ങളും അഞ്ച് സെമി എലവേറ്ററുകളും 14 ചെറിയ പാലങ്ങളും മൂന്നു കോസ്വേകളും 64 കലുങ്കുകളും ബിഎംബിസി ടാറിംഗും ഇതില്‍പ്പെടുന്നു. കിടങ്ങറ, നെടുമുടി, മുട്ടാര്‍ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി.
പണ്ടാരക്കളം, നസ്രത്ത് ജംഗ്ഷന്, ജ്യോതി ജംഗ്ഷന്, മങ്കൊമ്പ്, ഒന്നാംകര ഫ്ലൈ ഓവറുകളും ചെറുപാലങ്ങളും കലുങ്കുകളും ഗതാഗതത്തിന് തുറന്നുകൊടുത്തു. 13 മീറ്റര്‍ രണ്ടു വരി പാതയും ഇരുവശങ്ങളിലും നടപ്പുവഴിയും ഉള്‍പ്പെടുന്ന പാതയുടെ പുനര്‍നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘമാണു കരാറെടുത്തിരിക്കുന്നത്.
Tags : Alappuzha-Changanassery road nattuvisesham local news