എൻജിൻ നിലച്ച് കടലിൽ ഒഴുകിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയപ്പോൾ.
വൈപ്പിൻ: എൻജിൻ നിലച്ചതിനെ തുടർന്നു കടലിൽ ഒഴുകിയ വള്ളത്തിലെ അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അതുവഴി വന്ന മത്സ്യബന്ധന ബോട്ടാണ് തൊഴിലാളികൾക്ക് രക്ഷകനായി മാറിയത്. ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിൽനിന്ന് ഇന്നു ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ സ്വദേശിയുടെ ഇമ്മാനുവൽ എന്ന മത്സ്യബന്ധന വള്ളമാണ് കൊച്ചിക്ക് പടിഞ്ഞാറ് 18 ഫാതം അകലെ കടലിൽ എൻജിൻ നിലച്ച് ഒഴുകിയത്.
കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്(50), അരിപ്പാട് പറമ്പ് കുഞ്ഞുമോൻ (54), അരയശേരി ആന്റപ്പൻ (62), അറക്കൽ ഷെബിൻ (40) , പൊള്ളക്കടവ് പ്രിൻസ് (42) പൊള്ളക്കടവ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. രാവിലെ 11 ഓടെ ചെല്ലാനം ഹാർബറിൽ അടുക്കേണ്ട വള്ളം വൈകിട്ട് ആറ് ആയിട്ടും തീരമണയാതെ വന്നതിനെതുടർന്ന് ഫോർട്ട് കൊച്ചി, അർത്തുങ്കൽ മേഖലയിലെ കോസ്റ്റൽ പോലീസും ഫിഷറീസ് അധികൃതരും കടലിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.
രാത്രി ഒൻപതോടെ അഞ്ചു മത്സ്യത്തൊഴിലാളികളെയും വള്ളവും വൈപ്പിൻ സ്വദേശിയായ സിനിൽജോസിന്റെ നാഥൻ എന്ന മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതായി വിവരം ലഭിച്ചു. തുടർന്ന് രാത്രി 11:30 ഓടെ തൊഴിലാളികളെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ സുരക്ഷിതമായി എത്തിച്ചു. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.