District News
ആലുവ: ആലുവ നഗരസഭാ കാര്യാലയത്തിൽ ലിഫ്റ്റ് സ്ഥാപിച്ചതിൽ അഴിമതി ആരോപണവുമായി ബിജെപി. ഇതുമായി ബന്ധപ്പെട്ട ഫയലുകളോ കണക്കുകളോ കൗൺസിലിൽ വയ്ക്കാതിരിക്കുന്നത് അഴിമതി മറച്ചുവയ്ക്കാനാണെന്ന് കൗൺസിലർമാർ ആരോപിച്ചു. ലിഫ്റ്റ് സ്ഥാപിച്ചതുമായി ബന്ധപെട്ട് കരാറുകളോ ടെൻഡർ നടപടികളോ സ്വീകരിച്ചിട്ടില്ല. സ്ഥാപിച്ച ലിഫ്റ്റ് ആസ്തി രജിസ്റ്ററിലുമില്ല. നാല് ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നതായി ബിജെപി ആരോപിച്ചു.
District News
കൊച്ചി: ക്ലബ് സുലൈമാനിയുടെ 22-ാമത്തെയും ഏറ്റവും വലുതുമായ ഔട്ട്ലെറ്റ് സിഎസ് സിഗ്നേച്ചര്‍ പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍ കുമാര്‍, സി.എസ് സിഗ്നേച്ചറിന്റെ ലോഗോയും ഔട്ട്ലെറ്റും അനാവരണം ചെയ്തു.
തുടര്‍ന്ന് ക്ലബ് സുലൈമാനിയുടെ സ്ഥാപകനും ചെയര്‍മാനുമായ റിയാസ് കല്ലിയത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ എ.ടി.മുഹമ്മദ് ഷാഫി (സ്ഥാപകനും സിജിഒ), സുജിത് നായര്‍ (സിടിഒ-എന്‍ഇഡി), സക്കീര്‍ ഹുസൈന് (സിഎഫ്ഒ), എക്സിക്യൂട്ടീവ് കോച്ച് ജോര്‍ജ് കോഷി, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.അനീഷ്, സനൂഫ് മുഹ്സിന്, സമീറ ചകീരി, സിഇഒ ആനന്ദ് അയ്യര്‍ എന്നിവരും പങ്കെടുത്തു.
District News
അങ്കമാലി : മൂക്കന്നൂർ വനിതാ ഖാദി വ്യവസായ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് 2024-'25 വാർഷിക പദ്ധതിയുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നിർവഹണം നടത്തിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ഒ. ജോർജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ , ജസ്റ്റി ദേവസി , സിനി മാത്തച്ചൻ ,ലൈജോ ആന്റു , പോൾ പി.ജോസഫ് ,ടി.എം. വർഗീസ്, ജോസ് മാടശേരി, ലീലാമ്മ പോൾ , ജയശ്രീ എന്നിവർ പ്രസംഗിച്ചു.
District News
വൈപ്പിൻ: പഞ്ചായത്ത് ഭരണസമിതി തീരുമാനമില്ലാതെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ നരി കുളത്തിന്റെ പ്രതിമ അനാഛാദനത്തിന് പണം പിരിച്ച് വ്യാജ രശീതി നൽകി എന്നാരോപിച്ച് നായരമ്പലം പഞ്ചായത്തിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തി.
മാർച്ച് സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. പി.ഓ. ആന്റണി അധ്യക്ഷനായി.
എന്നാൽ ആരോപണം വ്യാജമാണെന്നും നിയപരമായാണ് എല്ലാം ചെയ്തതെന്നും കോൺഗ്രസ് അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ നായരമ്പലം മേഖല സെക്രട്ടറി, സിപിഎം ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
District News
നെടുമ്പാശേരി: മേക്കാട് - മധുരപ്പുറം പിഡബ്ല്യുഡി റോഡിൽ രൂപപ്പെട്ട കുഴികൾ കോൺക്രീറ്റ് ചെയ്തടച്ച് യൂത്ത് കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി മാതൃകയായി.
ഈ റോഡിൽ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ കനത്തതോടെ കുഴികളുടെ എണ്ണം വർധിച്ചു.ഇതോടെ ഇവിടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. കുഴി അടയ്ക്കലിന് യൂത്ത് കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് എൽദോ വർഗീസ്, എ.കെ. ധനേഷ്, എം.വി. ഷാജു, എയ്ജോ വർഗീസ്, അബിത മനോജ്, ഷാന്റോ പോളി, ബിബിൻ ജോസഫ്, ഷിജു ജോണി, ജോർജ് അരീക്കൽ എന്നിവർ നേതൃത്വം നൽകി.
District News
കൊച്ചി : ഭിന്നശേഷിക്കാരുടെ ക്ഷേമ, പുനരധിവാസത്തിനായി നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹൃദയ സ്ഥാപിക്കുന്ന ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു.
പൊന്നുരുന്നി സഹൃദയ കോംപ്ലക്സില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ അതിരൂപതാ വികാരി ജനറാൾ റവ.ഡോ. ആന്റോ ചേരാന്തുരുത്തി, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
വൈപ്പിൻ : കെ.കെ . സത്യവ്രതൻ സ്മാരക അവാർഡിന് ഹൈക്കോടതിയലെ പ്രമുഖ അഭിഭാഷകനായ അഡ്വ. മജ്നു കോമത്തിനെ തെരഞ്ഞെടുത്തു. ഗോശ്രീ പാലങ്ങൾ ക്കായി നടത്തിയ വർഷങ്ങൾ നീണ്ട സമരത്തിനും നിയമപോരാട്ടത്തിനും നേതൃത്വം നൽകിയ മജ്നു കോമത്ത് ഗോശ്രീ ദീപ് സമൂഹങ്ങളുടെ വികസനത്തിനായി നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിന് പരിഗണിച്ചത്.
30 ന് കുഴുപ്പിള്ളിൽ നടക്കുന്ന ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ അവാർഡ് സമ്മാനിക്കുമെന്ന് സത്യവ്രതൻ സ്മാരക സമിതി കൺവീനർ എൻ .കെ. ബാബു, സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ. എൽ. ദിലീപ്കുമാർ എന്നിവർ അറിയിച്ചു.
District News
മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗത കുരുക്കിനു കാരണമായ കച്ചേരിത്താഴത്തെ പാലങ്ങളിലെ കുഴികള്‍ കോള്‍ഡ് മിക്സ് ഉപയോഗിച്ച് അടച്ച് ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ തീരുമാനം. പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
അഭിഭാഷകനായ ഒ.വി. അനീഷ് മുഖേനെ പൊതു പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജി നല്കിയ പരാതിയില്‍ കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എൻജിനീയര്‍ ജയരാജ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിമ്ന, കരാറുകാരന് ഉനൈസ് എന്നിവരെ വിളിച്ചു വരുത്തിയാണ് താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിയില്‍ തീരുമാനമെടുത്തത്.
നഗരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്കിന് കച്ചേരിത്താഴം പാലത്തിലെ വലിയ കുഴികളാണ് കാരണമെന്നും വിലയിരുത്തി.
District News
മൂവാറ്റുപുഴ: മേക്കടമ്പ് സെന്റ് ജൂഡ് പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യന്‍ പോത്തനാമുഴി കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് കുര്‍ബാന, വൈകുന്നേരം 4.15ന് വാര്‍ഡുകളില്‍നിന്ന് അമ്പ് പ്രദക്ഷിണം, 4.30ന് ലദീഞ്ഞ്, ആഘോഷമായ കുര്‍ബാന, 6.30 പ്രദക്ഷിണം, 7.30 സമാപന പ്രാര്‍ഥന, എട്ടിന് വാദ്യമേളങ്ങള്‍.
സമാപന ദിവസമായ നാളെ 6.30ന് കുര്‍ബാന, നൊവേന, വൈകുന്നേരം 4.30ന് ആഘോഷമായ കുര്‍ബാന, നൊവേന, പ്രദക്ഷിണം, എട്ടിന് സമാപനാശീര്‍വാദം.
അരിക്കുഴ സെന്റ് ജൂഡ് കപ്പേളയിൽ
വാഴക്കുളം: അരിക്കുഴ സെന്റ് ജൂഡ് കപ്പേളയിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 4.45 ന് ജപമാല. 5.15 ന് തിരുനാൾ കുർബാന, പ്രസംഗം, നൊവേന - ഫാ. കുര്യൻ പുത്തൻപുരയിൽ. നാളെ രാവിലെ 6.45ന് പള്ളിയിൽ കുർബാന. വൈകുന്നേരം 4.30ന് കപ്പേളയിൽ ജപമാല.
അഞ്ചിന് തിരുനാൾ കുർബാന, നൊവേന - ഫാ. ജോസഫ് കൂനാനിക്കൽ. പ്രസംഗം - ഫാ. സ്കറിയ കുന്നത്ത്. 6.30ന് പ്രദക്ഷിണം. 7.30ന് സ്നേഹവിരുന്ന്, ചെണ്ടമേളം എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ജിൻസ് പുളിക്കൽ അറിയിച്ചു.
District News
മൂവാറ്റുപുഴ: നഗരസഭ അതിദാരിദ്ര മുക്തമായതായി നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് പ്രഖ്യാപിച്ചു. ഇന്നലെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം.
നഗരസഭ നടത്തിയ സര്‍വേയില്‍ 31 പേരെയാണ് അതിദരിദ്രരരായി കണ്ടെത്തിയിരുന്നത്.
ഇവരെ മോചിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. ഭക്ഷണം, അരോഗ്യം, വരുമാനം, സുരക്ഷിതമായ വാസസ്ഥലം എന്നീ നാല് ക്ലേശ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അതിദാരിദ്ര നിര്‍ണയം നടത്തിയത്. ഭക്ഷണത്തിന്റെ കുറവ് അനുഭവപ്പെട്ടിരുന്ന 23 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് മാസവും നഗരസഭയില്‍നിന്ന് ഭക്ഷണ കിറ്റുകള്‍ നല്‍കുന്നുണ്ട്.
District News
മൂവാറ്റുപുഴ: കഴിഞ്ഞ അധ്യയന വര്‍ഷം മൂവാറ്റുപുഴ ഉപജില്ലയില്‍ എല്‍എസ്എസ് സ്കോളര്‍ഷിപ്പില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ലിറ്റില്‍ മാസ്റ്റേഴ്സ് പദ്ധതിക്ക് മൂവാറ്റുപുഴ ഉപജില്ലയില്‍ തുടക്കമായി.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സലാവുദ്ദീന്‍ പുല്ലത്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബിപിസി ആനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.ടി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി.
ലിറ്റില്‍ മാസ്റ്റേഴ്സ് ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. മിനിമോള്‍ പദ്ധതി വിശദീകരണം നടത്തി.
District News
കോതമംഗലം: കോഴിപ്പിള്ളി തങ്കളം ബൈപ്പാസ് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് മണ്ണെടുത്തപ്പോൾ ദുരിതത്തിലായി 10 കുടുംബങ്ങൾ. സംരക്ഷണഭിത്തി നിർമാണത്തിനായി ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി എംഎ കോളേജ് ഭാഗത്തേക്ക് പോകുന്ന നഗരസഭ റോഡിന്റെ ചുവട്ടിലെ മണ്ണെടുത്തതാണ് അപകടഭീഷണിക്ക് കാരണമായത്.
മണ്ണ് നീക്കം ചെയ്തതോടെ നിലവിലെ റോഡിന്റെ വീതി കുറയുകയും ചെറുവാഹനങ്ങൾക്കു പോലും കടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയിലുമായി. വഴി അടഞ്ഞതോടെ പ്രദേശത്തെ10 കുടുംബങ്ങള്‍ പുറത്തുകടക്കാനാവാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
നാല് മീറ്റര്‍ വീതിയുള്ള റോഡിന്റെ അടിഭാഗത്ത് ഭിത്തിക്കായി മണ്ണെടുത്തപ്പോള്‍ രണ്ട് മീറ്ററായി. നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്റെ ഏഴ് മീറ്റര്‍ ഉയരത്തിലാണിപ്പോൾ നഗരസഭ റോഡ്. അടിയിലെ മണ്ണെടുത്താല്‍ ഇത്രയും ഉയരത്തിലുള്ള റോഡ് തകരുകയും വീടിന് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടി 10 കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം പൊതുമരാത്തിന് നല്‍കിയിരുന്നു.
ആറ് മാസത്തില്‍ ഏറെയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു കിടക്കുകയായിരുന്നു. ഇന്നലെയാണ് നിര്‍മാണം വീണ്ടും തുടങ്ങിയത്. അടിയിലെ മണ്ണ് നീക്കീയാല് മഴയില്‍ കുതിര്‍ന്ന മുകള്ഭാഗം ഇടിയുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രദേശത്തെ വീടുകളില്‍ കഴിയുന്ന വൃദ്ധരായ രോഗികളെ ആശുപത്രിയില്‍ കൊണ്ടു പോകാനും കഴിയാത്ത സ്ഥിതിയാണ്. പള്ളിച്ചിറ എല്‍സി കുഞ്ഞുമോന്റെ വീടിനും ചേര്‍ന്ന് പോകുന്ന റോഡിന്റെ സംരക്ഷണ ഭിത്തിയുമാണ് അപകടഭീഷണിയിലായത്. സംരക്ഷണഭിത്തി പണിത് നല്‍കുമെന്നാണ് പൊതുമരാമത്ത് അറിയിച്ചുള്ളത്.
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയില്‍ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രദേശവാസികൾ.
District News
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലു കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപം ബദനി ടൂര്‍സ്(ഒപിസി) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ഇടുക്കി മണിപ്പാറ കാവുംപറമ്പില്‍ കെ.ജെ. ജ്യോതിഷിനെ(43)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബംഗളൂരു ഇന്ദിര നഗറിലെ ഹോട്ടലിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ബുനനാഴ്ച പിടികൂടിയ പ്രതിയെ ഇന്നലെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം സ്വദേശിയാണ് പരാതിയിലായിരുന്നു അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 2024ൽ ഇയാള്‍ ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് ജോലി ലഭിക്കാതെ വന്നതോടെ ഇദ്ദേഹം കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നൂറിലധികം പരാതികളാണുള്ളത്.
പലരില്‍ നിന്നായി ഏകദേശം നാലു കോടി രൂപയോളം തട്ടിയതായാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്നും പരാതികള്‍ ലഭിക്കുന്നതിനാല്‍ 500 ഓളം തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സംഘം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ സുജിത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
ഫോര്‍ട്ടുകൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയില്‍ നടത്തിവരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഏഴാം ഘട്ടത്തിന് തുടക്കമായി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേതാ മേനോന് ഉദ്ഘാടനം ചെയ്തു.
കെ.ജെ. മാക്സി എംഎല്‍എ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആന്റണി തൈവീട്ടില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സജു ആന്റണി പുന്നകാട്ടുശേരി, ഡോ. കെ.എസ്. അജയകുമാര്‍, ഡോ. ശ്രീഗണേഷ് കെ.പ്രഭു, ഡോ. കെ.വി. വിലേഷ്, ഡോ. സുനില്‍ റോയ്, ഡോ. പ്രദീപ് കുമാര്‍, ഡോ. നിജില്‍ ക്ലീറ്റസ്, സേവ്യര്‍ പൊള്ളയില്, ബോര്‍ഡ് മെമ്പര്‍ കെ. എസ്. സാബു എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഓണനാളില്‍ നടത്തിയ പഴയിടത്തിന്റെ പായസക്കുടം പരിപാടി വഴി സ്വരുക്കൂട്ടിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്യുന്നത്.
District News
പറവൂർ: പറവൂർ നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനും അഴിമതിക്കും കുറ്റകരമായ കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റ ജാഥക്ക് തുടക്കമായി.
നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ ക്യാപ്റ്റനും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് .ശ്രീകുമാരി വൈസ് ക്യാപ്റ്റനുമായ ജാഥ മാർക്കറ്റിനുസമീപം ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. എം.യു. അജി അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി എ.എം. ഇസ്മായിൽ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൻ.എസ്. അനിൽകുമാർ, വി.എസ് .ഷഡാനന്ദൻ, കെ.ജെ. ഷൈൻ, വർഗീസ് മാണിയാറ, നിമിഷ രാജു എന്നിവർ സംസാരിച്ചു.
തൈവെപ്പിൽ നടന്ന സമാപന സമ്മേളനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ജയ ദേവാനന്ദൻ അധ്യക്ഷനായി.ഇന്ന് രാവിലെ 9.30ന് കാളത്തോട്ടിന് സമീപത്തുനിന്ന് തുടങ്ങുന്ന ജാഥ വൈകിട്ട് 5.30ന് പഴയ കെഎസ്ആർടിസി സ്റ്റാൻഡിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൽദോ ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
District News
കൊച്ചി: മതമൈത്രിയും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നു ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.
കളമശേരി മാർത്തോമാ ഭവനോടനുബന്ധിച്ചുള്ള കോൺവെന്റിലെ കന്യാസ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്സ്) കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ മാർത്തോമാ ഭവൻ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാൻ ഒരു ശക്തിക്കും അവകാശമില്ലന്ന് അദ്ദേഹം പറഞ്ഞു. ആക്ട്സ് പ്രസിഡന്റ് ബിഷപ് ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് രൂപത അധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു,
മാർത്തോമാ സഭ വികാരി ജനറാൾ റവ. ഡോ. സി.എ. വർഗീസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, കേരള കോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, ആക്ട്സ് ഭാരവാഹികളായ കുരുവിള മാത്യൂസ്, സാജൻ വേളൂർ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
വൈപ്പിൻ: മാലിപ്പുറം ബീച്ചിൽ തീരത്ത് കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളവും എൻജിനും അതുവഴി കടന്നുപോയ അജ്ഞാത വാഹനം ഇടിച്ച് കേടുപാടുകൾ സംഭവിച്ചതായി പരാതി. മാലിപ്പുറം ഞൊട്ടച്ചൻ വേലിയകത്ത് വീട്ടിൽ ഷിവിലിന്റെ വള്ളത്തിനും എൻജിനും ആണ് തകരാർ സംഭവിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഉടമ പോലീസ് സ്റ്റേഷനിലും ഫിഷറീസ് ഡിപ്പാർട്ട്മെന്റിലും പരാതി നൽകി. കേടുപാടുകൾ തീർക്കാൻ അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പഞ്ചായത്തംഗം സ്വാതിഷ് സത്യൻ ഫിഷറീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
District News
അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി വജ്രജൂബിലിയിൽ. ലിറ്റിൽ ഫ്ലവർ ആശുപത്രിയോടനുബന്ധിച്ച് 1964 ൽ ആരംഭിച്ച നേത്ര ചികിത്സാ വിഭാഗത്തിലൂടെ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കാഴ്ചയുടെ ലോകത്ത് മികച്ച സേവനം സ്വന്തമാക്കിയവർ അനേകരാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.
ഡോ എം.എസ്. ശുക്ല ആയിരുന്നു നേത്രചികിത്സാവിഭാഗത്തിൽ ആദ്യത്തെ ഡോക്ടർ. 1969 ൽ ഡോ.ടോണി ഫെർണാണ്ടസ് ചുമതലയേറ്റു. 1970 ൽ ഇന്ത്യയിൽ സ്വകാര്യമേഖലയിലെ ആദ്യ നേത്ര ബാങ്ക് എൽഎഫിൽ സ്ഥാപിക്കപ്പെട്ടു. ആദ്യ കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ , കണ്ണിനകത്തു ലെൻസ് വച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ, സ്കൂൾ വിദ്യാർഥികൾക്കായി ആദ്യ നേത്രരക്ഷാപദ്ധതി എന്നിവ കേരളത്തിൽ ആദ്യം നടപ്പിലാക്കി. സൗജന്യ നേത്രചികിത്സാ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു.
2008 ൽ ഈ രംഗത്തെ നേട്ടങ്ങൾക്കു രാജ്യം ഡോ. ടോണി ഫെർണാണ്ടസിനു പത്മശ്രീ നൽകി ആദരിച്ചത് എൽഎഫിനുള്ള അംഗീകാരം കൂടിയായി. 1982 ല്‍ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നേത്ര ചികിത്സാ വിഭാഗം സിബിഎം ഒഫ്താൽമിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ നാല് നിലകളുള്ള പ്രത്യേക കെട്ടിടത്തിലേക്ക് മാറി. 2012 ൽ എട്ടു നിലകളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് നേത്ര ചികിത്സാകേന്ദ്രം മാറി.
ആഘോഷം നാളെ
അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ആശുപത്രി സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ ഫാ. ആന്റോ ചേരാംതുരുത്തി നിർവഹിക്കും.
റോജി എം. ജോൺ എംഎൽഎ, ബസലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നേത്രചികിത്സ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. നേത്രവിഭാഗത്തില്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരെ ആദരിക്കും.
District News
കോതമംഗലം: കോതമംഗലം ടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ മാറി ആഴ്ചകൾ പിന്നിട്ടിട്ടും നോ എന്‍ട്രി ബോർഡുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും നീക്കം ചെയ്യാത്തത് ഡ്രൈവര്‍മാരെ വട്ടം കറക്കുന്നു. നഗരത്തിൽ കന്നി 20 പെരുന്നാളിന്റെ ജനത്തിരക്ക് കണക്കിലെടുത്ത് പോലീസ് ഗതാഗത നിയന്ത്രണവും ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു.
സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് വണ്‍വേ സംവിധാനവും ബസുകള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന റോഡുകളും ബസുകള്‍ പ്രവേശിക്കരുതാത്ത റോഡുകളും ഉണ്ടായിരുന്നു.
ഒരുതരത്തിലുള്ള വാഹനങ്ങളേയും ചില റോഡുകളിലെ കടത്തിവിട്ടിരുന്നില്ല. ഇതിനായി നോ എന്‍ട്രി ബോര്‍ഡുകളും സ്ഥാപിച്ചു. കോതമംഗലം ടൗണിലും സമീപ ഭാഗങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വ്യാപകമായിരുന്നു. പ്രധാന റോഡുകളിലും ലിങ്ക് റോഡുകളിലുമെല്ലാം നോ പാര്‍ക്കിംഗ് ആയിരുന്നു. പെരുന്നാള്‍ തെരക്കൊഴിഞ്ഞിട്ട് മൂന്നാഴ്ചയോളമായെങ്കിലും അന്നു സ്ഥാപിച്ച ബോര്‍ഡുകള്‍ ഇപ്പോഴും മാറ്റിയിട്ടില്ല.
നോ എന്‍ട്രി ബോർഡുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും കണ്ട് ഡ്രൈവര്‍മാര്‍ നഗരത്തിൽ വട്ടംകറങ്ങുന്ന അവസ്ഥയാണിപ്പോൾ. ദൂരെ സ്ഥലങ്ങളിൽനിന്ന് വരുന്നവരാണ് പ്രധാനമായും വലയുന്നത്. ആവശ്യം കഴിഞ്ഞപ്പോള്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പോലീസോ, നഗരസഭയോ നടപടിയെടുക്കാത്തതാണ് വിനയായിരിക്കുന്നത്.
Editorial
ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കേണ്ടിവരുന്നത് ഇരകൾക്കുള്ള തുടർപീഡനമാണ്.
ലൈംഗികാതിക്രമങ്ങളിൽ ഏറ്റവും ക്രൂരമാണ് കുട്ടിക്കൾക്കെതിരേയുള്ളത്. എത്രയും വേഗം കേസുകൾ പൂർത്തിയാക്കി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും നീതി ലഭ്യമാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
കള്ളക്കേസിൽ കുടുക്കപ്പെട്ട നിരപരാധികളുടെ മോചനവും തുല്യപ്രാധാന്യമുള്ളതാണ്. എന്നാൽ, ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നെന്ന വാർത്ത അസ്വസ്ഥജനകമാണ്. ഈ കെടുകാര്യസ്ഥത, പോക്സോ കേസുകളിലെ മാത്രമല്ല, അവയുടെ ദുരുപയോഗത്തിന്റെ ഇരകൾക്കും നീതി വൈകിക്കുന്ന തുടർപീഡനമാണ്.
ആഭ്യന്തരവകുപ്പില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്. കൂടുതലും ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലാണ്. 1,370 കേസുകൾ. 704 കേസുകളുമായി എറണാകുളവും 642 കേസുകളുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തരവകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു. അനുവദിച്ച തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തിയാൽ കേസുകളുടെ കാലതാമസം ഒരു പരിധിവരെ ഒഴിവാക്കാം.
പോക്സോ കേസുകളിലെ ഇരകൾ സമൂഹത്തിലെ ഏറ്റവും ദുർബലരായതിനാൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുക്കിയിടുന്നത് ലൈംഗികാതിക്രമത്തിന്റെ മാനസിക മുറിവുകളെ ഉണങ്ങാതെ നിലനിർത്തുന്നതിനു തുല്യമാണ്. മാത്രമല്ല, വ്യക്തിവൈരാഗ്യവും പകയും തീർക്കാൻ കെട്ടിച്ചമച്ച കള്ളക്കേസുകളും സമീപകാലത്ത് വർധിച്ചിട്ടിട്ടുണ്ട്. സമൂഹത്തിൽ അങ്ങേയറ്റം വെറുക്കപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്ന നിരപരാധികളും എത്രയും വേഗം മോചിപ്പിക്കപ്പെടേണ്ടതാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഈ ശ്രമം പരാജയപ്പെടുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്.
മുടി, രക്തം, സ്രവങ്ങൾ, വിരലടയാളം എന്നിവയും കൈയക്ഷര വിശകലനവും ഫോറൻസിക് തെളിവുകളുടെ ഭാഗമാകാം. മെഡിക്കൽ പരിശോധന, മൊഴികൾ, സാഹചര്യ തെളിവുകൾ തുടങ്ങിയവയെ കൂടുതൽ ആധികാരികമാക്കുകയോ അധിക തെളിവുകൾ നൽകുകയോ ചെയ്യുന്നവയാണ് ഫോറൻസിക് പരിശോധനാഫലങ്ങൾ. വിചാരണവേളയിൽ കുറ്റവാളികളെയും നിരപരാധികളെയും വേർതിരിച്ചറിയാനും ഈ ശാസ്ത്രീയ തെളിവുകൾ സഹായിക്കും.
ബലാത്സംഗ-പോക്സോ കേസുകൾ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണു സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതായത്, ആവശ്യത്തിനു നിയമസംവിധാനങ്ങളുണ്ടെങ്കിലും അനുബന്ധ രേഖകൾ യഥാസമയം നൽകാനാകുന്നില്ല. എത്ര സജ്ജമായ യന്ത്രത്തെയും ഊരിപ്പോയ ഒരാണി നിശ്ചലമാക്കുന്നതുപോലെ.
കുട്ടികളുടെ സംരക്ഷകരായിരിക്കേണ്ട കുടുംബാംഗങ്ങളും അധ്യാപകരുമൊക്കെ പോക്സോ കേസുകളിൽ കൂടുതലായി ഉൾപ്പെടുന്ന ഭയാനക സ്ഥിതി നിലവിലുണ്ട്. ഇരകളാകുന്ന ആൺകുട്ടികളുടെ എണ്ണവും വർധിച്ചു. വിദ്യാഭ്യാസ വകുപ്പിലെ 77 പോക്സോ കേസുകളിൽ വകുപ്പുതല ശിക്ഷാനടപടി നേരിടുന്നത് 65 അധ്യാപകരാണ്. 12 പേർ മറ്റു ജീവനക്കാരാണ്. സ്നേഹത്തിന്റെ കരങ്ങളെന്നു കരുതിയവതന്നെ ഞെരിച്ചെന്ന യാഥാർഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് പോക്സോ ഇരകൾ.
ലൈംഗികാതിക്രമങ്ങൾ കുട്ടികളുടെ വർത്തമാനകാലത്തെ തരിപ്പണമാക്കിയെങ്കിൽ നീതി വൈകിക്കുന്നതിലൂടെ സർക്കാർ അവരുടെ ഭാവിയെയും ഭയത്തിനു പണയപ്പെടുത്തുകയാണ്. ബാക്കിയുള്ളത് ഭൂതകാലത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്. കേവലം ഫോറൻസിക് റിപ്പോർട്ടിന്റെ പേരിൽ അവരെ അവിടെ തളച്ചിടരുത്.