പാരീസ് ഒളിന്പിക്സ് ഇന്നു സമാപിക്കും
Sunday, August 11, 2024 2:25 AM IST
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര
മുപ്പത്തിമൂന്നാം ഒളിന്പിക്സിന് ഇന്നു സമാപനം. 2028 ലോസ് ആഞ്ചലസിൽവച്ചു കാണാമെന്ന ആശംസകളുമായി ഇന്നു ലോകം ഒളിന്പിക്സിനോടു വിടപറയും. സമാപന സമ്മേളനം ഇന്ത്യൻ സമയം ഇന്നു രാത്രി 11.30ന് സ്റ്റെഡ് ദെ ഫ്രാൻസിൽ (സ്റ്റേഡിയം ഓഫ് ഫ്രാൻസ്) നടക്കും.
പാരീസ് ഒളിന്പിക്സിൽ ഓവറോൾ ചാന്പ്യൻഷിപ്പിൽ അമേരിക്കയെ വെല്ലുവിളിച്ച് ചൈന ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ മാത്രമേ ചൈന മെഡൽ ടേബിളിൽ ഒന്നാം സ്ഥാനക്കാരായിട്ടുള്ളൂ.
മെഡൽ എണ്ണത്തിൽ അമേരിക്ക (113) മൂന്നക്കം കടന്നെങ്കിലും സ്വർണക്കണക്കിൽ ചൈനയ്ക്കു (37) പിന്നിൽ രണ്ടാമതാണ് (33). കഴിഞ്ഞ ഏഴ് ഒളിന്പിക്സുകളിൽ ആറിലും അമേരിക്കയ്ക്കായിരുന്നു ഓവറോൾ ചാന്പ്യൻഷിപ്പ്. 1996 അറ്റ്ലാന്റ ഒളിന്പിക്സ് മുതലുള്ള കണക്കാണിത്.
അതിനിടെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ 100 ഗ്രാം തൂക്കം കൂടുതലാണെന്ന കാരണത്താൽ ഫൈനലിനു മുന്പ് അയോഗ്യയാക്കിയ കേസിൽ ഇന്നു വിധിയുണ്ടായേക്കും. ഇന്നു രാത്രി 9.30നുള്ളിൽ വിധി പ്രസ്താവിക്കുമെന്നാണ് സൂചന.