പ്രൈം വോളിബോൾ: ഇന്ന് കേരള ഡെർബി
Sunday, October 19, 2025 1:21 AM IST
ഹൈദരാബാദ്: ആർആർ കാബെൽ പ്രൈം വോളിബോൾ ലീഗിന്റെ നാലാം സീസണിലെ കേരള ഡെർബി ഇന്ന്. രാത്രി 8.30ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കാലിക്കറ്റ് ഹീറോസിനെ നേരിടും. കഴിഞ്ഞ സീസണിൽ കേരള ടീമുകൾ നേർക്കുനേർ വന്നപ്പോൾ 3-1ന് കാലിക്കറ്റിനായിരുന്നു ജയം.
നാലാം സീസണിൽ നിരാശപ്പെടുത്തിയ ഇരുടീമുകൾക്കും നിലവിൽ നാല് പോയിന്റ് വീതമാണുള്ളത്, കാലിക്കറ്റ് ഏറ്റവും അവസാന സ്ഥാനത്തും കൊച്ചി ഒന്പതാം സ്ഥാനത്തും. കൊച്ചി അഞ്ചും കാലിക്കറ്റ് ആറും മത്സരങ്ങൾ പൂർത്തിയാക്കി. ഇരുടീമിനും ആകെ ജയിക്കാനായത് ഒരു മത്സരം മാത്രം.
നിലവിലെ ചാന്പ്യൻമാരായ കാലിക്കറ്റ് ഹീറോസിന് ഇന്ന് അവസാന മത്സരമാണ്. ടീം നേരത്തേ സെമിഫൈനൽ കാണാതെ പുറത്തായിരുന്നു. അതേസമയം അവസാന നാലിലെത്താനുള്ള കൊച്ചിയുടെ സാധ്യത ഇനിയും അവസാനിച്ചിട്ടില്ല.
ഇന്നും 21ന് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെതിരേയും ജയിക്കാനായാൽ കൊച്ചിക്ക് പത്ത് പോയിന്റാവും. നിലവിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ള ചെന്നൈക്കും അഹമ്മദാബാദിനും ഒന്പതു പോയിന്റുകളാണുള്ളത്. ഈ ടീമുകളുടെ ഇനിയുള്ള മത്സരഫലവും കൊച്ചിക്ക് നിർണായകമാണ്.