സ്കൂള്‍ കായികമേളയില്‍ ആദ്യമായി കളരിപ്പയറ്റും മത്സര ഇനമാകുന്നു
Saturday, October 18, 2025 12:22 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റും ഇക്കുറി സംസ്ഥാന സ്കൂള്‍ കായിക മാമാങ്കത്തില്‍ മത്സര ഇനമാകുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. എന്നാല്‍, ഇന്നും നാളെയുമായി ജില്ലാതല കളരിപ്പയറ്റ് നടത്തി അതിലെ ജേതാക്കള്‍ക്കു മാത്രമേ സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ഥ്യം.
കളരിപ്പയറ്റ് ഉള്‍പ്പെടെ മൂന്നു പുതിയ ഇനങ്ങള്‍ തിരുവനന്തപുരം സ്കൂള്‍ മീറ്റില്‍ മത്സര ഇനങ്ങളാകും. 2023-ല്‍ ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ മത്സര ഇനമാക്കിയ കളരിപ്പയറ്റില്‍ കേരള താരങ്ങള്‍ മെഡല്‍കൊയ്ത്ത് നടത്തിയിരുന്നു.
ഇതിനു പിന്നാലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കണമെന്ന ആവശ്യം ശക്തമായി. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നിലവില്‍ കളരിപ്പയറ്റ് മത്സരങ്ങള്‍ നടത്തി ദേശീയ സ്കൂള്‍ ഗെയിംസില്‍ ടീമിനെ മത്സരത്തിനായി എത്തിക്കുന്നുണ്ട്.
കളരിപ്പയറ്റ് നടക്കുക ഇങ്ങനെ
ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് കളരിപ്പയറ്റ് നടക്കുക. ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് അംഗീകരിച്ച ചുവട്, മെയ്പയറ്റ്, കെട്ടുകാലി എന്നിവയിലാണ് മത്സരം.
2023ല്‍ നടന്ന ഗോവ ദേശീയ ഗെയിംസില്‍ കേരളം വന്‍ കുതിപ്പ് നടത്തിയത് കളരിപ്പയറ്റ് മെഡല്‍ കൊയ്ത്തിലൂടെയായിരുന്നു. കേരളം ആകെ സമ്പാദിച്ച 36 സ്വര്‍ണത്തില്‍ 19തും കളരിപ്പയറ്റിലൂടെയായിരുന്നു.
19 സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 22 മെഡലുകളായിരുന്നു കേരളത്തിന്റെ കളരി സംഘം സമ്മാനിച്ചത്. കഴിഞ്ഞ ഡെറാഡൂണ്‍ ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സര ഇനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഫെന്‍സിംഗും യോഗയും
ഫെന്‍സിംഗ്, യോഗ മത്സരങ്ങളും ഇത്തവണയുണ്ട്. ഫെന്‍സിംഗിലും യോഗയിലും സബ് ജൂണിയറിലും ജൂണിയറിലും ആണ് മത്സരത്തിന് അനുമതി. നിലവില്‍ ഈ ഇനങ്ങള്‍ സംസ്ഥാന സ്കൂള്‍ കായികമേളുടെ നടത്തിപ്പ് സംബന്ധിച്ച സ്റ്റേറ്റ് സ്കൂള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഈ സാഹചര്യത്തില്‍ സംസ്ഥാന മീറ്റില്‍ ഈ ഇനങ്ങള്‍ മത്സര ഇനങ്ങളായി ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു
കള്ളപ്പയറ്റ് തുടങ്ങി!
സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമില്ലാത്ത സംഘടനയുടെ പേരിലുള്ളവരെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ കളരിപ്പയറ്റില്‍ ഉള്‍പ്പെടുത്താന്‍ ഉന്നത തലത്തിലുള്ള നീക്കം. ഇത് സംബന്ധിച്ച് നിലവിലുള്ള ഔദ്യോഗിക സംഘടനയ്ക്കു വാക്കാലുള്ള നിര്‍ദേശം ഉദ്യോഗസ്ഥതലത്തില്‍ നിന്നും നല്കി.
എന്നാല്‍, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഔദ്യോഗിക സംഘടനയുടേത്. സംസ്ഥാനത്ത് കൗണ്‍സില്‍ അംഗീകാരമുള്ള ഒരു സംഘടനയും അംഗീകാരമില്ലാത്ത മറ്റൊരു സംഘടനയും കളരിപ്പയറ്റിനുണ്ട്.
അംഗീകാരമില്ലാത്ത സംഘടനയുടെ പേരില്‍ ജില്ലാ തലത്തില്‍ മത്സരങ്ങള്‍ നടത്തി സംസ്ഥാന തലത്തിലെത്തിച്ചവരെ ഉള്‍പ്പെടുത്തി മത്സരങ്ങള്‍ നടത്തിയാല്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ദേശീയ മത്സരങ്ങളിലേക്കുള്ള അവസരം തന്നെ നഷ്ടമാകും. അങ്ങനെ വന്നാല്‍ സംസ്ഥാനത്ത് വോളിബോള്‍ അസോസിയേഷനിലുണ്ടായ തരത്തിലുള്ള സ്ഥിതിയാവും കളരിപ്പയറ്റിലും.
ഗോദവര്‍മ രാജയുടെ കാലത്തുതന്നെ സംസ്ഥാനത്ത് കളരിപ്പയറ്റ് സംഘടനയുടെ പ്രവര്‍ത്തനം ഉണ്ടായിരുന്നതാണ്. ഇന്ത്യന്‍ കളരിപ്പയറ്റ് അസോസിയേഷനില്‍ അംഗീകാരമുള്ള സംഘടനയെ മറികടന്ന് മറ്റൊരു സംഘടനയുടെ കീഴിലുള്ളവരെ കൂടി മത്സരത്തിനിറക്കാനുള്ള ഉന്നതതല നീക്കം കളരിപ്പയറ്റ് മത്സരത്തിന് വിലങ്ങാകുമോ എന്നതാണ് ആശങ്ക.