പിഎസ്ജി x സ്ട്രാസ്ബർഗ് സമനില
Sunday, October 19, 2025 1:21 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് ത്രില്ലർ പോരാട്ടത്തിൽ ചാന്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) 3-3 സ്കോർ സമനിലയിൽ സ്ട്രാസ്ബർഗിനെതിരേ മത്സരം അവസാനിപ്പിച്ചു.
മത്സരത്തിൽ ആദ്യ ഗോൾ നേടിയത് പിഎസ്ജിയാണെങ്കിലും സ്ട്രാസ്ബർഗ് ജാക്വിൻ പനിച്ചെല്ലിയുടെ ഇരട്ട ഗോളിന്റെയും ഡിയാഗോ മൊരീരയുടെ ഗോളിന്റെയും മികവിൽ 3-1 ലീഡ് നേടിയിരുന്നു. എന്നാൽ അവസാന നിമിഷത്തെ പിഎസ്ജി ആക്രമണത്തിനു മുന്നിൽ സ്ട്രാസ്ബർഗ് പതറി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ബ്രാഡ്ലീ ബാർകോള പിഎസ്ജിക്കായി സ്കോർ ചെയ്തു. 26-ാം മിനിറ്റിലും 49-ാം മിനിറ്റിലുമായി ജാക്വിൻ പനിച്ചെല്ലി സ്ട്രാസ്ബർഗിനായി ഇരട്ടഗോൾ നേടി ടീമിന് മുൻതൂക്കം നേടിക്കൊടുത്തു.
41-ാം മിനിറ്റിൽ ഡിയാഗോ മൊരീര നേടിയ ഗോളും കൂടിചേർന്നതോടെ ടീം ജയം സ്വപ്നം കണ്ടു. 58-ാം മിനിറ്റിൽ ഗൊൻകാലോ റാമോസ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് പിഎസ്ജിക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കി. 79-ാം മിനിറ്റിൽ സെന്നി മയുലു സ്കോർ ചെയ്തതോടെ മത്സരം സമനിലയിൽ കലാശിച്ചു.
ലീഗ് 1ൽ 17 പോയിന്റുമായി പിഎസ്ജി ഒന്നാമതെത്തി, സ്ട്രാസ്ബർഗിനേക്കാൾ ഒരു പോയിന്റ് മുന്നിലാണ്.