സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ: കേരളത്തിനു കിരീടം
Sunday, October 19, 2025 1:21 AM IST
കൊച്ചി: സെറിബ്രൽ പാൾസി സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച മൂന്നാമത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നിലനിർത്തി കേരള ടീം.
ഗോവയിലെ പനാജിയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ തമിഴ്നാടിനെതിരേ ഏകപക്ഷീയമായ പത്തു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.
തുടർച്ചയായി മൂന്നാംതവണയാണു കേരളം കിരീടം ചൂടുന്നത്. എട്ടു സംസ്ഥാനങ്ങൾ പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരം സ്വദേശി ക്യാപ്റ്റൻ സിജോ ജോർജ് മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. വയനാട് സ്വദേശി മുഹമ്മദ് അജ്നാസാണു ടോപ്സ്കോറർ.
കൊച്ചി ആസ്ഥാനമായുള്ള ബ്യുമെർക്ക് ഇന്ത്യ ഫൗണ്ടേഷനാണു ടീമിനാവശ്യമായ എല്ലാ യാത്ര, പരിശീലന, താമസ സൗകര്യങ്ങൾ സജ്ജമാക്കിയത്. ഭിന്നശേഷിക്കാരായ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കേരള ടീമിനെ പിന്തുണച്ചതെന്ന് ബ്യുമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.