തൃശൂരിന്റെ മാജിക്ക്
Saturday, October 18, 2025 12:22 AM IST
തിരുവനന്തപുരം: പെയ്തിറങ്ങിയ മഴയ്ക്കു മുന്നില്‍ തിരുവനന്തപുരം കൊമ്പന്‍സ് പകച്ചു നിന്നപ്പോള്‍ കിട്ടിയ അവസരം ഗോളാക്കി മാറ്റി തൃശൂര്‍ മാജിക് എഫ്സിയുടെ മാജിക്.
സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക് എഫ്സി 2025 സീസണിലെ രണ്ടാം ജയം സ്വന്തമാക്കി.
തിരുവനന്തപുരം കൊമ്പന്‍സിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് തൃശൂർ കീഴടക്കിയത്. മെയിൽസൺ (12’) നേടിയ ഗോളാണ് വിധിനിർണയിച്ചത്.
മാജിക് എഫ്സിയുടെ എസ്.കെ. ഫായിസ് എടുത്ത കോര്‍ണര്‍ എത്തിയത് ഘാനതാരം ഫ്രാന്‍സീസ് ആഡോയുടെ തലയിലേക്ക്. ഒന്നാം പോസ്റ്റിനു മുന്നില്‍ നിന്ന ആഡോ പന്ത് മനോഹരമായി രണ്ടാം പോസ്റ്റിനു മുന്നിലുണ്ടായിരുന്ന ബ്രസീലിയന്‍ താരം മെയില്‍സണ്‍ ആല്‍വ്സിനു മുന്നിലേക്ക് മറിച്ചു.
പോസ്റ്റിനു മുന്നില്‍ നിന്ന മെയില്‍സണ്‍ കൊമ്പന്‍സിന്റെ പ്രതിരോധ നിരയെയും ഗോളി ആര്യന് ആഞ്ജനെയനേയും കാഴ്ച്ചക്കാരാക്കി കൊമ്പന്‍സിന്റെ ഗോള്‍ വല കുലുക്കി. കൊമ്പന്‍സിന്റെ രണ്ടാം തോല്‍വി.