സംസ്ഥാന എക്സൈസ് കലാകായിക മേള: എറണാകുളം ചാന്പ്യൻമാർ
Monday, October 20, 2025 1:44 AM IST
കൽപ്പറ്റ: 21-ാമത് എക്സൈസ് കലാകായിക മേളയിൽ എറണാകുളം ചാന്പ്യന്മാരായി. കലാകായിക മേളയിൽ 458 പോയിന്റുകളോടെയാണ് എറണാകുളം ഒന്നാം സ്ഥാനം നേടിയത്. 239 പോയിന്റുകളോടെ തൃശൂർ രണ്ടാമതും 211 പോയിന്റുമായി കാസർഗോഡ് മൂന്നും 203 പോയിന്റോടെ വയനാട് നാലാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി മേളയിൽ 1500 ലധികം മത്സരാർഥികൾ പങ്കെടുത്തു.
2026ലെ കലാകായിക മേള കൊല്ലം ജില്ലയിൽ നടക്കും. മത്സരയിനമായ മാർച്ച് പാസ്റ്റിൽ വയനാടിന് ഒന്നാം സ്ഥാനം ലഭിച്ചു. കായിക വിഭാഗത്തിൽ 303 പോയിന്റുകളുമായി എറണാകുളം ചാന്പ്യൻമാരായി. ഫുട്ബോൾ മത്സരത്തിൽ കാസർഗോഡ് വിജയികളായപ്പോൾ മലപ്പുറം ജില്ല റണ്ണറപ്പായി.
വോളിബോൾ മത്സരത്തിൽ കണ്ണൂർ ജില്ല വിജയിച്ചപ്പോൾ ഇടുക്കി റണ്ണറപ്പായി. ക്രിക്കറ്റിൽ പാലക്കാട് ജില്ല വിയച്ചു. കൊല്ലം രണ്ടാം സ്ഥാനം നേടി. കാസർഗോഡ് ജില്ല കബഡിയിൽ ഒന്നാമതും പാലക്കാട് റണ്ണറപ്പുമായി. പുരുഷൻമാരുടെ വടം വലിയിൽ എറണാകുളം ജില്ല ഒന്നാം സ്ഥാനവും വയനാട് ജില്ല റണ്ണറപ്പുമായി. വനിതകളുടെ വടംവലി മത്സരത്തിൽ മലപ്പുറം ജില്ല വിജയികളായപ്പോൾ എറണാകുളം റണ്ണറപ്പായി.
കലാ വിഭാഗത്തിൽ കണ്ണൂർ ജില്ല ചാന്പ്യന്മാരായപ്പോൾ പാലക്കാട് ജില്ല റണ്ണറപ്പ് ഉറപ്പാക്കി. മികച്ച നടനായി പത്തനംതിട്ട ജില്ലയിലെ ആർ.എസ്. ഹരിഹരൻ ഉണ്ണിയെ തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ പി.എസ്. സില്ല കലാതിലകമായപ്പോൾ എറണാകുളം ജില്ലയിലെ എസ്.എ. സനിൽ കുമാർ കലാപ്രതിഭയായി.