സ്പാനിഷ് ലാ ലിഗ: ബാഴ്സ തലപ്പത്ത്
Monday, October 20, 2025 1:44 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ അവസാന മിനിറ്റിലെ ത്രില്ലർ ഗോളിൽ ജിറോണയെ വീഴ്ത്തി ബാഴ്സലോണ. 13-ാം മിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്സ മത്സരത്തിലെ ആദ്യ ഗോൾ നേടി.
അധികം വൈകാതെ വിറ്റ്സലിലൂടെ ജിറോണ മറുപടി ഗോൾ നേടി. തുടർന്ന് ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഇരു ടീമുകൾക്കും വല കുലുക്കാനായില്ല. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 93-ാം മിനിറ്റിൽ റൊണാൾഡിന്റെ ഗോൾ ബാഴ്സയ്ക്ക് ഒന്നിനെതിരേ രണ്ട് ഗോളിന്റെ ജയവും മൂന്ന് പോയിന്റും സമ്മാനിച്ചു.
മറ്റ് മത്സരങ്ങളിൽ അത്ലറ്റി കോ മാഡ്രിഡ് 1-0ന് ഒസാസുനയെയും മല്ലോർക്ക 3-1ന് സെവില്ലയെയും പരാജയപ്പെടുത്തി. വില്ലാറയൽ ബെറ്റിസ് മത്സരം 2-2 സമനിലയിൽ അവസാനിച്ചു.