പത്തില്‍ പത്ത് ഓസീസ്
Friday, October 17, 2025 1:25 AM IST
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ബംഗ്ലാദേശിനെതിരേ പത്തു വിക്കറ്റ് ജയം.
ബംഗ്ലാദേശ് മുന്നോട്ടുവച്ച 199 റണ്‍സ് എന്ന ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് വനിതകള്‍ സ്വന്തമാക്കി. സ്കോര്‍: ബംഗ്ലാദേശ് 50 ഓവറില്‍ 198/9. ഓസ്ട്രേലിയ 24.5 ഓവറില്‍ 202/0.
10 ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം അലാന കിംഗ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയിന്റുമായി ഓസീസ് ഒന്നാമത് തുടരുന്നു. ഇംഗ്ലണ്ട് (7), ദക്ഷിണാഫ്രിക്ക (6), ഇന്ത്യ (4), ന്യൂസിലന്‍ഡ് (3) ടീമുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഹീലി സെഞ്ചുറി
ഓസീസ് ക്യാപ്റ്റന്‍ അലിസ ഹീലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി. ഇന്ത്യക്കെതിരേ റിക്കാര്‍ഡ് റണ്‍ ചേസ് (330) നടത്തിയപ്പോള്‍ ഹീലി 142 റണ്‍സ് നേടി. ഇന്നലെ 113 റണ്‍സുമായി ഹീലി പുറത്താകാതെ നിന്നു.
ഹീലിക്കൊപ്പം ഫോബ് ലിച്ച്ഫീല്‍ഡും (84 നോട്ടൗട്ട്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ബംഗ്ലാദേശിന്റെ ഇന്നിംഗ്സില്‍ ശോഭന മോസ്റ്ററിയായിരുന്നു (66 നോട്ടൗട്ട്) ടോപ് സ്കോറര്‍.