വരുമാനത്തിലും CR7 No:1
Saturday, October 18, 2025 12:22 AM IST
ന്യൂയോര്‍ക്ക്: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോൾ താരങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ ലോകത്തിൽ ഒന്നാമത്.
ഫോബ്സ് പുറത്തുവിട്ട 2025-26 സീസണിലെ വരുമാനക്കണക്കിലാണ് 40കാരനായ സിആര്‍7 ഒന്നാം സ്ഥാനത്തുള്ളത്. സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍നിന്നു ലഭിക്കുന്ന പ്രതിഫലമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രധാന വരുമാന സ്രോതസ്.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് (1145 കോടി രൂപ) വാര്‍ഷിക വരുമാന കണക്കില്‍ രണ്ടാം സ്ഥാനത്ത്. അമേരിക്കന്‍ മേജര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലാണ് 38കാരനായ ലയണല്‍ മെസി.
ആദ്യ 10ല്‍ യമാല്‍
സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ കൗമാരതാരം ലാമിന് യമാല്‍ ആദ്യ പത്തില്‍ ഇടംനേടി. 43 മില്യണ്‍ ഡോളര്‍ (379 കോടി രൂപ) ആണ് 10-ാം സ്ഥാനത്തുള്ള യമാലിന്റെ വരുമാനം. കിലിയന്‍ എംബപ്പെ (837 കോടി), എർലിംഗ് ഹാലണ്ട് (705), വിനീഷ്യസ് ജൂണിയര്‍ (529), മുഹമ്മദ് സല (485), സാദിയൊ മാനെ (476), ജൂഡ് ബെല്ലിങ്ഗം (388), എന്നിവരും ആദ്യ പത്തിനുള്ളിലുണ്ട്.