കായികമേളയെ വരവേല്ക്കാൻ തലസ്ഥാനം ഒരുങ്ങി
Monday, October 20, 2025 1:44 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയെ വരവേല്ക്കാനായി തലലസ്ഥാനം ഒരുങ്ങി. 67-ാമത് സംസ്ഥാന സ്കൂൾ കായികമേളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗത്തിലുള്ള കുട്ടികളുടെ മത്സരങ്ങളോടെ 22നാണ് മേളയുടെ ഒൗപചാരികമായ തുടക്കം. പൊതുവിഭാഗത്തിലുള്ള മത്സരങ്ങളും അന്ന് ആരംഭിക്കും.
14 ജില്ലകളിൽ നിന്നുള്ള കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനും മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് ദീപശിഖ തെളിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ് ബ്രാൻഡ് അംബാസഡറും ചലച്ചിത്ര താരം കീർത്തി സുരേഷ് ഗുഡ്വിൽ അംബാസഡറുമാണ്. ഉദ്ഘാടനത്തിനുശേഷം 3,000 വിദ്യാർഥികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളുണ്ട്.
ആദ്യസംഘമെത്തുന്നത് ഇന്ന് രാത്രി
മേളയിൽ പങ്കെടുക്കാനുളള ആദ്യ സംഘം ഇന്ന് രാത്രി ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സംഘത്തിന് സ്വീകരണം നല്കും. ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്കുട്ടികൾ കൂടി ഗൾഫ് മേഖലയിൽ നിന്നും മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. 1000 ഒഫീഷൽസും 2000 വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകും.
ഇൻക്ലൂസീവ് സ്പോർട്സ്: ആറിനങ്ങളിൽ മത്സരം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി നടത്തുന്ന സവിശേഷ പരിഗണന അർഹിക്കുന്നവർക്കായുള്ള ഇൻക്ലൂസീവ് സ്പോർട്സിൽ ആറിനങ്ങളിലാണ് മത്സരം നടക്കുന്നത്. അത്ലറ്റിക്സ്, ഹാൻഡ്ബോൾ, ബാഡ്മിന്റൻ, ക്രിക്കറ്റ്, ഫുട്ബോൾ, ബോക്സ്ബോൾ എന്നിവയാണ് ഈ വിഭാഗത്തിലുള്ള മത്സരങ്ങൾ. വിവിധ മത്സരയിനങ്ങളിലായി 1,944 കായികതാരങ്ങളാണ് ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുക്കുന്നത്. കൂടുതൽ മത്സരങ്ങൾക്കും സെൻട്രൽ സ്റ്റേഡിയം വേദിയാകും.