സംസ്ഥാന സീനിയർ ഫുട്ബോൾ: ഇടുക്കിയും ആലപ്പുഴയും സെമിയിൽ
Sunday, October 19, 2025 1:21 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ നിലവിലെ റണ്ണേഴ്സ് അപ്പായ തിരുവനന്തപുരം പുറത്ത്.
മൂന്നാം ക്വാർട്ടർ ഫൈനലിൽ ഇടുക്കിയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ (6-5) തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തുടർന്ന് ഷൂട്ടൗട്ടിൽ ഇരുടീമുകളും അഞ്ച് ഷോട്ടുകളും വലയിലെത്തിച്ചതോടെ മത്സരം സഡൻഡെത്തിലേക്ക് നീങ്ങി. ടൈബ്രേക്കറിൽ ഇടുക്കി സെമിഫൈനൽ ടിക്കറ്റ് ഉറപ്പാക്കി.
അവസാന ക്വാർട്ടർ ഫൈനലിൽ കണ്ണൂരിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആലപ്പുഴയും സെമിഫൈനലിൽ പ്രവേശിച്ചു. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ആദ്യ സെമിഫൈനലിൽ നിലവിലെ ചാന്പ്യൻമാരായ കോട്ടയം തൃശൂരിനെ നേരിടും. നാളെ വൈകിട്ട് മൂന്നിന് ഇടുക്കിയും ആലപ്പുഴയും തമ്മിലാണ് രണ്ടാം സെമിഫൈനൽ. 21നാണ് ഫൈനൽ.