ഇന്ത്യ x ഓസ്ട്രേലിയ മത്സരം ഇന്ന്
Sunday, October 19, 2025 1:22 AM IST
പെർത്ത്: 2027 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ നീലപ്പടയുടെ യാത്രയ്ക്ക് പെർത്തിൽ പുതിയ തുടക്കം. പരിചയസന്പന്നരും പുതുതലമുറയുമടങ്ങുന്ന ടീം. പരന്പരയ്ക്കപ്പുറം പല ചോദ്യങ്ങളുടെയും ഉത്തരം കൂടിയാകും ഓസീസ് മണ്ണിലെ ഇന്ത്യൻ പോരാട്ടം. ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലി യും രോഹിത് ശർമയും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനെത്തുന്നുവെന്നത് ശ്രദ്ധേയം.
ടെസ്റ്റിൽ നായക പദവി നേട്ടമാക്കിയ ശുഭ്മാൻ ഗിൽ മുഴുവൻ സമയ ഏകദിന ക്യാപ്റ്റനെന്ന നിലയിൽ ആദ്യ ഏകദിന പരന്പരയ്ക്കാണ് ഓസീസ് മണ്ണിൽ ഇന്ന് തുടക്കം കുറിക്കുന്നത്. രോഹിത് ശർമയെ ഒഴിവാക്കി നായക സ്ഥാനം നൽകിയ ഗില്ലിന്റെ പ്രകടനവും പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ആവേശം പകരും.
രോ-കോ ഇഫക്ട്!
മാർച്ചിൽ നടന്ന ചാന്പ്യൻസ് ട്രോഫി ഫൈനലിനുശേഷം കോഹ്ലിയും രോഹിതും ആദ്യ ഏകദിനം കളിക്കാൻ ഒരുങ്ങുകയാണ്. ഒന്‍പത് വർഷങ്ങൾക്ക് മുന്‍പ് ന്യൂസിലൻഡിനെതിരേയായിരുന്നു ഇരുവരും അവസാനമായി വ്യത്യസ്ത ക്യാപ്റ്റൻമാർക്ക് കീഴിൽ കളിച്ചത്. ചാന്പ്യൻസ് ട്രോഫി ഫൈനലിൽ കളിയിലെ താരമായ രോഹിതും സെമിയിലെ താരമായ കോഹ്ലിയും 2027 ലോകകപ്പിലേക്ക് വഴി തുറക്കാനുള്ള പ്രയാണത്തിനാണ് പെർത്തിൽ തുടക്കമിടുന്നത്.
ഓസ്ട്രേലിയയിൽ ആതിഥേയർക്കെതിരേ ഇരുവരുടേയും റിക്കാർഡുകൾ മറ്റാർക്കും അവകാശപ്പെടാനില്ലാത്തതാണ്. രോഹിതിന്റെ പേരിൽ നാലും കോഹ്ലിക്ക് മൂന്നും സെഞ്ചുറികളുണ്ട്. ഇരുവരോളം ഓസ്ട്രേലിയയിൽ പരിചയസന്പത്തുള്ള മറ്റാരുമില്ല. ഇന്ത്യ പരന്പര ലക്ഷ്യമിടുന്പോൾ രോഹിതിന്റെയും കോഹ്ലിയുടേയും ബാറ്റിന് ഉത്തരവാദിത്വം ഏറെയാണ്.
പുതുനായകൻ
ഐസിസി കിരീടവരൾച്ച അവസാനിപ്പിച്ച രോഹിതിന്റെ നായകന്റെ സ്ഥാനം എളുപ്പമാകില്ല ശുഭ്മാൻ ഗില്ലിന്. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ ഇംഗ്ലണ്ടിലെ പരീക്ഷണം ജയിക്കുകയും വിൻഡീസിനെതിരേ വിജയം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഓസ്ട്രേലിയ ഈ പരന്പരയ്ക്ക് ഇറക്കുന്നത് പരിചയസന്പന്നരല്ലാത്ത നിരയാണെങ്കിലും കാര്യങ്ങൾ എളുപ്പമാകില്ല. ഫോമിലുള്ള ഗില്ലിന് കൂട്ടായി രോഹിതും കോഹ്ലിയും ഉണ്ടെന്നതാണ് ഇന്ത്യൻ പ്രതീക്ഷ.
തിരിച്ചടി
ജസ്പ്രീത് ബുംറയുടേയും മുഹമ്മദ് ഷമിയുടേയും അഭാവം. ബുംറയുടെ പന്തുകളുടെ മൂർച്ചയും നിലവിലെ ഇന്ത്യൻ നിരയിൽ ഓസ്ട്രേലിയയിൽ പരിചയസന്പത്തുള്ള ഷമിയുടെ അഭാവവും ബൗളിംഗ് നിരയ്ക്ക് വെല്ലുവിളി ഉയർത്തും. ഓസ്ട്രേലിയയിൽ ഒരു ഏകദിനം മാത്രം കളിച്ചിട്ടുള്ള മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയ പരിചയസന്പത്തുള്ള ഓൾറൗണ്ടർമാരുടെ അസാന്നിധ്യവും തിരിച്ചടിയാണ്.
അതേസമയം യശസ്വി ജയ്സ്വാൾ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഢി, ദ്രുവ് ജൂറൽ, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ് എന്നീ യുവനിരയെ രണ്ടു വർഷത്തിനുള്ളിൽ പാകപ്പെടുത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം.
നായകൻ പാറ്റ് കമിൻസും ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീനും വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസും ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെല്ലും സ്പിന്നർ ആദം സാംപയുമടക്കമുള്ള താരങ്ങൾ പരിക്ക് മൂലം ഓസീസ് നിരയിൽ കളിക്കുന്നില്ല.
ഇന്ത്യൻ സമയം രാവിലെ ഒന്‍പത് മണിക്കാണ് ഓസ്ട്രേലിയയിലെ പെർത്തിൽ മത്സരം തുടങ്ങുക. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും ജിയോ ഹോട് സ്റ്റാറിലും ഇന്ത്യയിൽ മത്സരം തത്സമയം കാണാനാകും.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, നിതീഷ് കുമാർ റെഡ്ഢി, വാഷിംഗ്ടണ്‍ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ.
ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ലെറ്റ്, കൂപ്പർ കൊണോലി, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷെയ്ൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷോ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്.
ഹിറ്റ്മാൻ @ 500
ക്യാപ്റ്റൻസിയുടെ അമിത ഭാരമുണ്ടായിരുന്ന രോഹിത് ശർമയെക്കാൾ അപകടകാരിയാകും സ്വതന്ത്ര ബാറ്ററായി ഇറങ്ങുന്ന ഹിറ്റ്മാൻ. കരിയറിലെ 32 ഏകദിന സെഞ്ചുറികളിൽ എട്ടെണ്ണം രോഹിത് നേടിയത് ഓസ്ട്രേലിയയ്ക്കെതിരേയാണ്. ഏകദിനത്തിൽ ഓസ്ട്രേലിയൻ മണ്ണിൽ ഓസീസിനെതിരേ നാല് സെഞ്ചുറി നേടിയിട്ടുള്ള ഏക ബാറ്ററാണ് രോഹിത്.
രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമയുടെ 500-ാം മത്സരമാണ് ഇന്ന് നടക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 50 സെഞ്ചുറികളെന്ന നേട്ടത്തിലേക്ക് ഹിറ്റ്മാന് ഇനി ഒരു സെഞ്ചറിയുടെ ദൂരം മാത്രം.
2016ലെ ഏകദിനത്തിൽ രോഹിത്ത് 171 റണ്‍സുമായി പുറത്താകാതെ നിന്ന പെർത്ത് സ്റ്റേഡിയത്തിലാണ് ഇന്ന് ഒന്നാം ഏകദിന മത്സരം നടക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരേ അവരുടെ നാട്ടിൽ ഇതുവരെ 19 ഏകദിനത്തിൽനിന്ന് 990 റണ്‍സ് നേടിയിട്ടുണ്ട് രോഹിത്. ഈ നേട്ടത്തിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിയാണ് (802 റണ്‍സ്).