രഞ്ജിയില്‍ കേരളത്തിനു തകര്‍ച്ച
Friday, October 17, 2025 1:25 AM IST
കാര്യവട്ടം: മഴയില്‍ മുങ്ങിയ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 239ല്‍ അവസാനിപ്പിച്ചശേഷം ക്രീസില്‍ എത്തിയ കേരളത്തിന് 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എന്ന നിലയില്‍നിന്നു കരകയറിയാണ് മഹാരാഷ്ട്ര 239വരെ എത്തിയത്. മധ്യനിരയും വാലറ്റവും സമാന രീതിയില്‍ പോടിയില്ലെങ്കില് കേരളത്തിന്റെ കാര്യം അവതാളത്തിലാകും. സ്കോര്‍: മഹാരാഷ്ട്ര 84.1 ഓവറില്‍ 239. കേരളം 10.4 ഓവില് 35/3.
വാലില്‍ കുത്തിപ്പൊങ്ങി
ആദ്യ അഞ്ച് വിക്കറ്റ് വെറും 18 റണ്‍സിനു നഷ്ടപ്പെട്ടെങ്കിലും അവസാന അഞ്ച് വിക്കറ്റിനിടെ 221 റണ്‍സ് നേടിയാണ് മഹാരാഷ്ട്രക്കാര്‍ കാര്യവട്ടത്ത് തലപൊക്കിയത്. മഴയെത്തുടര്‍ന്ന് ഒന്നാംദിനം മത്സരം നേരത്തേ അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആയിരുന്നു മഹാരാഷ്ട്രയുടെ സമ്പാദ്യം. ശേഷിച്ച മൂന്നു വിക്കറ്റിനിടെ രണ്ടാംദിനം 60 റണ്‍സ്കൂടി ചേര്‍ത്തശേഷമാണ് സന്ദര്‍ശകര്‍ കൂടാരം കയറിയത്.
ആദ്യദിനം ഋതുരാജ് ഗെയ്ക്വാദ് (91), ജലജ് സക്സേന (49) എന്നിവര്‍ നടത്തിയ പോരാട്ടത്തിനു പിന്നാലെ ഇന്നലെ, എട്ടാം നമ്പറായ വിക്കി ഓട്സ്വാള്‍ (38), ഒമ്പതാം നമ്പറായെത്തിയ രാമകൃഷ്ണ ഘോഷ് (31), പത്താം നമ്പര്‍ രജനീഷ് ഗുര്‍ബാനി (10) എന്നിവരും ബാറ്റുകൊണ്ടു പോരാടി. മഴയെത്തുടര്‍ന്ന് രണ്ടു മണിക്കൂറില്‍ അധികം വൈകിയാണ് ഇന്നലെ മത്സരം ആരംഭിച്ചത്.
ഫൈഫര്‍ നിധീഷ്
മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സില്‍ ടോപ് ഓര്‍ഡറിനെ ഛിന്നഭിന്നമാക്കിയ കേരള പേസര്‍ എം.ഡി. നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആദ്യദിനം നാലു വിക്കറ്റ് വീഴ്ത്തിയ നിധീഷ്, ഇന്നലെ രജ്നീഷ് ഗുര്‍ബാനിയെ വിക്കറ്റിനു പിന്നില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചാണ് അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്. 20 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് നിധീഷിന്റെ ഫൈഫര്‍. എന്‍.പി. ബേസില്‍ മൂന്നും ഏഡന്‍ ആപ്പിള്‍ ടോം, അങ്കിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സച്ചിൻ, സഞ്ജു, അസ്ഹര്‍, സല്മാന്
ഒന്നാം ഇന്നിംഗ്സിനായി ക്രീസില്‍ എത്തിയ കേരളത്തിന്റെ ഓപ്പണര്‍ അക്ഷയ് ചന്ദ്രന് പൂജ്യത്തിനു പുറത്ത്. 21 പന്ത് നേരിട്ട അക്ഷയ് സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സുള്ളപ്പോള്‍ ഗുര്‍ബാനിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.
ഗുര്‍ബാനിയുടെ റിട്ടേണ്‍ ക്യാച്ചിലൂടെ ബാബ അപരാജിതും (6) പരാജിതനായി മടങ്ങിയതോടെ കേരളത്തിന്റെ സ്കോര്‍ 9.4 ഓവറില്‍ 35/2. അതുവരെ പൊരുതിയ രോഹന് കുന്നുമ്മലിന്റെ (28 പന്തില്‍ 27) ഊഴമായിരുന്നു അടുത്തത്. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച ജലജ് സക്സേനയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് രോഹന്റെ മടക്കം.
ക്രീസില്‍ തുടരുന്ന സച്ചിന് ബേബി (രണ്ടു പന്തില്‍ 0), സഞ്ജു സാംസണ്, ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്, സല്മാന് നിസാല്‍, അങ്കിത് ശര്‍മ എന്നിവരുടെ ബാറ്റിംഗിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ. മഴയെത്തുടര്‍ന്ന് ആതിഥേയര്‍ക്ക് 10.4 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് കേരളത്തിന് ഇനിയും 205 റണ്‍സ് വേണം.