പ്ലേ ഓഫായി; കോൽക്കത്ത x സണ്‍റൈസേഴ്സ്, രാജസ്ഥാൻ x ബംഗളൂരു
Monday, May 20, 2024 2:59 AM IST
ഗോഹട്ടി: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് 2024 സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് തീരുമാനമായി. പ്ലേ ഓഫിലെ ക്വാളിഫയർ ഒന്നിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള കോൽക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയർ. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസ് നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. അഹമ്മദാബാദിലാണ് ആദ്യ ക്വാളിഫയർ , എലിമിനേറ്റർ മത്സരങ്ങൾ നടക്കുക. രണ്ടാം ക്വാളിഫയർ മത്സരം ചെന്നൈയിലും നടക്കും. ഫൈനലും ചെന്നൈയിലാണ്. രാജസ്ഥാൻ റോയൽസ്- കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമും ഒാരോ പോയിന്റ് വീതം പങ്കുവച്ചു.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. സണ്‍റൈസേഴ്സിന് 14 കളിയിൽ 17 പോയിന്റുള്ള സണ്‍റൈസേഴ്സിന് +0.414 ആണ് നെറ്റ് റണ്‍റേറ്റ്. ഇത്രതന്നെ പോയിന്റുള്ള രാജസ്ഥാൻ റോയൽസിന് 14 കളിയിൽ +0.273 ആണ് നെറ്റ് റണ്‍റേറ്റ്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തെതന്നെ ഒന്നാം സ്ഥാനം ഉറപ്പാക്കിയതാണ്. മഴ കളി മുടക്കിയതോടെയാണ് രാജസ്ഥാൻ മൂന്നാം സ്ഥാനത്തായത്.
അഹമ്മദാബാദിൽ നടക്കുന്ന ആദ്യ ക്വാളിഫയറിലെ വിജയികൾ നേരെ ഫൈനലിലെത്തും. തോൽക്കുന്നവർക്ക് എലിമിനേറ്ററിൽ ജയിക്കുന്നവരുമായി ഒരു മത്സരം കൂടിയുണ്ട്. ഈ മത്സരം ചെന്നൈയിലാണ് നടക്കുന്നത്. ഇതിലെ വിജയികൾ ക്വാളിഫയർ ഒന്നിലെ വിജയികളുമായി ഫൈനലിൽ കളിക്കും.
അനായാസം
ഹൈദരാബാദ്: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ അനായാസ ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. നാല് വിക്കറ്റിനു പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി. സ്കോർ പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 214/5. സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.1 ഓവറിൽ 215/6. പോയിന്റ് പട്ടികയിൽ മുന്നിലുള്ള കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാംസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രണ്ടാംസ്ഥാനത്തെത്തുന്ന ടീം ഒന്നാം ക്വാളിഫയറിൽ കോൽക്കത്തയുമായി ഏറ്റുമുട്ടും.
പഞ്ചാബ് ഉയർത്തിയ 215-റണ്‍സ് വിജയലക്ഷ്യത്തിലേക്കു മറുപടി നൽകാനെത്തിയ ഹൈദരാബാദിന് ആദ്യ പന്തിൽത്തന്നെ ട്രാവിസ് ഹെഡിനെ നഷ്ടമായി. അർഷ്ദീപ് സിംഗ് കുറ്റിതെറിപ്പിക്കുകയായിരുന്നു. എന്നാൽ, അഭിഷേക് ശർമ (28 പന്തിൽ 66) രാഹുൽ ത്രിപഠി (18 പന്തിൽ 33), നിതീഷ് റെഡ്ഢി(25 പന്തിൽ 37), ഹെൻ റിച്ച് ക്ലാസൻ (26 പന്തിൽ 42) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് അനായാസ ജയം നല്‍കിയത്. പഞ്ചാബിനായി ഹർഷൽ പട്ടേലും അർഷ്ദീപ് സിംഗും രണ്ട് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി ഓപ്പണർമാർ അഥർവ ടൈഡേയും (27 പന്തിൽ 46), പ്രഭ്സിമ്രാൻ സിംഗും (45 പന്തിൽ 71), റിലി റൂസോ (24 പന്തിൽ 49) ജിതേഷ് ശർമ (15 പന്തിൽ 32*) പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. ഹൈദരാബാദിനായി നടരാജൻ രണ്ട് വിക്കറ്റ് നേടി.