ബ്ലാസ്റ്റേഴ്സ് x പഞ്ചാബ് ഇന്ന് രാത്രി 7.30ന്
Monday, February 12, 2024 12:25 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ 14-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ. ഐഎസ്എല്ലിലെ പുതുമുഖങ്ങളായ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഒഡീഷ എഫ്സിയോട് എവേ പോരാട്ടത്തിൽ 2-1ന്റെ തോൽവി വഴങ്ങിയശേഷമാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം എന്നത് കൊന്പന്മാർക്ക് മുൻതൂക്കം നൽകുന്നു.
ഡിസംബർ 24ന് മുംബൈ സിറ്റി എഫ്സിക്ക് എതിരായ മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ഹോം ഗ്രൗണ്ടിൽ പോരിനിറങ്ങുന്നത്. മുംബൈയെ അന്ന് 2-0ന് കൊച്ചി ക്ലബ് കീഴടക്കിയിരുന്നു.
ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്താം. 13 മത്സരങ്ങളിൽ 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കൊന്പന്മാർ. 12 മത്സരങ്ങളിൽ 28 പോയിന്റുമായി എഫ്സി ഗോവയും 15 മത്സരങ്ങളിൽ 31 പോയിന്റുമായി ഒഡീഷ എഫ്സിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
പഞ്ചാബ് എഫ്സിക്ക് എതിരായ എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ഡിസംബർ 14ന് നടന്ന മത്സരത്തിൽ ദിമിത്രി ഡയമാന്റകോസിന്റെ (51’) പെനാൽറ്റി ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. 13 മത്സരങ്ങളിൽ 11 പോയിന്റുള്ള പഞ്ചാബ് 11-ാം സ്ഥാനത്താണ്. ഹൈദരാബാദ് (4 പോയിന്റ്) മാത്രമാണ് ലീഗിൽ പഞ്ചാബിനു പിന്നിലുള്ളത്.
ലൂണ ഇന്ന് എത്തും
പരിക്കേറ്റു മടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ അടുത്ത മാസം വീണ്ടും ടീമിനൊപ്പം ചേരും. നിലവില്‍ മുംബൈയില്‍ ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണ് ലൂണ. ഇന്ന് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ലൂണ ഉണ്ടാകുമെന്ന് ക്ലബ്ബിന്റെ പരിശീലകന് ഇവാന് വുകോമനോവിച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.