ശുഭാരംഭം കുറിക്കാൻ
Wednesday, December 6, 2023 1:53 AM IST
മുംബൈ: ഇന്ത്യ x ഇംഗ്ലണ്ട് വനിതാ ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നു തുടക്കമാകും. രാത്രി ഏഴു മുതലാണ് മത്സരം.
പരന്പരയിൽ മൂന്നു മത്സരങ്ങളാണുള്ളത്. ഈ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ഐസിസി ട്വന്റി-20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയശേഷം ആദ്യമായാണ് ഇരുടീമും നേർക്കുനേർവരുന്നത്. ആ മത്സരത്തിൽ ഇംഗ്ലണ്ട് 11 റണ്‍സിനു ജയിച്ചിരുന്നു.
അന്താരാഷ്ട്ര ട്വന്റി-20യിൽ ഇരുടീമും ഇതുവരെ 27 തവണ ഏറ്റുമുട്ടി. ഇതിൽ ഇംഗ്ലണ്ട് 20 ജയവുമായി മേൽക്കൈ നേടി. ഇന്ത്യക്ക് ഏഴു ജയം മാത്രമേ നേടാനായിട്ടുള്ളൂ. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഇന്ത്യ രണ്ടു തവണയും ഇംഗ്ലണ്ട് മൂന്നു തവണയും വിജയക്കൊടി പാറിച്ചു. ഇതിലെ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ നേടിയ 164 റണ്‍സാണ്; ചെറിയ സ്കോറും ഇന്ത്യയുടെ തന്നെ 122ഉം.
ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയതിന്റെയും അതിനു മുന്‍പ് ബംഗ്ലാദേശിനെതിരേ പരന്പര സ്വന്തമാക്കിയതിന്റെയും ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിലുണ്ട്.