പൊൻമുടിയിൽ ചീനക്കാർ
Friday, October 27, 2023 1:48 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: കോടമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന പൊൻമുടി മെർക്കിസ്റ്റണ്‍ കുന്നിലെ കല്ലും മഞ്ഞും നിറഞ്ഞ ചെറു വഴിയിലൂടെ ചൈനീസ് താരങ്ങൾ സൈക്കിളുകൾ പായിച്ച് ആധിപത്യം ഉറപ്പിച്ചു. ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം സ്വർണം നേടിയാണ് ചൈനീസ് സംഘം പൊൻമുടി മലനിരയെ കീഴടക്കിയത്.
നാലു ദിവസം നീണ്ടുനിൽക്കുന്ന ചാന്പ്യൻഷിപ്പിലെ ആദ്യ ഫൈനലായ ക്രോസ് കണ്ട്രി റിലേയിൽ ചൈനീസ് സംഘം സുവർണനേട്ടം സ്വന്തമാക്കി. എലൈറ്റ് വിഭാഗത്തിൽനിന്നും ലിയു ഷിയാൻജിംഗ്, മാ കച്ച, ചെൻ കെയു, ജൂണിയർ വിഭാഗത്തിൽനിന്ന് ബദാൻ ഷിക്കു, അണ്ടർ-23 വിഭാഗത്തിൽനിന്നുള്ള വാംഗ് സിലി എന്നിവരുൾപ്പെട്ട സംഘം 1:03.24 സെക്കൻഡിൽ ഫിനിഷ് ചെയ്തു.
തുടക്കം മുതൽ ജപ്പാനും ചൈനയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് പൊൻമുടിയിലെ ട്രാക്ക് സാക്ഷ്യം വഹിച്ചത്. ഒൻപതു ടീമുകൾ അണിനിരന്ന ക്രോസ് കണ്ട്രി റിലേയിൽ ആദ്യ രണ്ടു ലാപ്പിലും വ്യക്തമായ മേധാവിത്വം ജപ്പാനായിരുന്നു. എന്നാൽ, മൂന്നാം ലാപ്പിൽ ചൈനയുടെ റൈഡർ ചെൻ കെയു അതിശക്തമായ പോരാട്ടം നടത്തി ടീമിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.
നാലാം ലാപ്പിൽ ചൈനയുടെ റൈഡർ മാ കച്ചായെ പിന്തള്ളി ജപ്പാൻ വീണ്ടും ഒന്നാമത്. എന്നാൽ, അവസാന ലാപ്പിൽ ലിയു ഷിയാൻജിംഗു മിന്നും പ്രകടനം നടത്തി ചൈനയ്ക്കു സുവർണനേട്ടം സമ്മാനിച്ചു. 19 സെക്കൻഡിന്റെ വ്യത്യാസത്തിൽ (1:03.43) ജപ്പാൻ വെള്ളിയും കസാഖിസ്ഥാൻ (1:05.55) വെങ്കലവും നേടി. ആതിഥേയരായ ഇന്ത്യക്ക് ഏഴാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
ക്രോസ് കണ്ട്രി റിലേയിൽ തങ്ങളുടെ രണ്ടാം നിരയെ ആണ് എത്തിച്ചതെന്നും ഇവർക്ക് മിന്നും ജയം നേടാൻ സാധിച്ചത് വലിയ സന്തോഷമാണെന്നും ചൈനീസ് കോച്ച് യി ജിയാൻ പ്രതികരിച്ചു. വ്യക്തിഗത ക്രോസ് കണ്ട്രി വിഭാഗത്തിൽ ഏഷ്യൻ ഗെയിംസിലെ പുരുഷ വിഭാഗം ചാന്പ്യൻ മി ജിയുവാങ്ങും വനിതാ വിഭാഗത്തിൽ ജി ഹോംഗ്ഫെങ്ങും വരും ദിവസങ്ങളിൽ മത്സരത്തിനിറങ്ങും.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് എലൈറ്റ് വിഭാഗം ഡൗണ്‍ഹിൽ ഫൈനലുകൾ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ വനിതാ വിഭാഗം ഡൗണ്‍ഹിൽ ഫൈനലും മൂന്ന് മുതൽ നാല് വരെ പുരുഷ ഫൈനലും നടക്കും.
ഫൈനലിൽ വിജയികളാകുന്നവർക്ക് 2024ലെ പാരിസ് ഒളിന്പിക്സിലേക്ക് യോഗ്യത ലഭിക്കും.