വാങ്കഡേയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു ജയം
Tuesday, April 8, 2025 1:19 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിൽ അസാമാന്യ കുതിപ്പുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു.
2008നു ശേഷം ആദ്യമായി ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കിയ റോയൽ ചലഞ്ചേഴ്സ്, 2015നു ശേഷം ആദ്യമായി മുംബൈ ഇന്ത്യൻസിനെ അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡേയിൽ തോൽപ്പിച്ചു. 12 റണ്‍സിന് ആയിരുന്നു റോയൽ ചലഞ്ചേഴ്സ് മുംബൈ ഇന്ത്യൻസിനെ കീഴടക്കിയത്.
അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 19 റണ്‍സ് വേണ്ടിയിരുന്നു. ക്രുനാൽ പാണ്ഡ്യ എറിഞ്ഞ 20-ാം ഓവറിൽ മുംബൈയുടെ മൂന്ന് വിക്കറ്റ് നിലംപൊത്തി. ക്രുനാൽ നാലും യഷ് ദയാൽ, ഹെയ്സൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മുംബൈക്കു വേണ്ടി തിലക് വർമ (29 പന്തിൽ 56) അർധസെഞ്ചുറി നേടി.
ഹാർദിക് പാണ്ഡ്യ 15 പന്തിൽ 45 റണ്‍സ് അടിച്ചെടുത്തു. രോഹിത് ശർമ ഇറങ്ങിയെങ്കിലും ഒന്‍പത് പന്തിൽ 17നു പുറത്തായി. സൂര്യകുമാർ യാദവിനും (26 പന്തിൽ 28) കാര്യമായി തിളങ്ങാൻ സാധിച്ചില്ല.
ഇന്ത്യന്‍ കോഹ്ലി; 99*
ട്വന്റി-20 ക്രിക്കറ്റില്‍ 13000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടം കുറിച്ച് വിരാട് കോഹ്ലി. മുംബൈ ഇന്ത്യന്‍സിന് എതിരേ 42 പന്തില്‍ 67 റണ്‍സ് നേടിയ ഇന്നിംഗ്സിലൂടെയാണ് കോഹ്ലി ട്വന്റി-20 ക്രിക്കറ്റില്‍ 13000 റണ്‍സ് ക്ലബ്ബില്‍ പ്രവേശിച്ചത്. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വിരാടിന്റെ വീരോചിത ഇന്നിംഗ്സ്. ട്വന്റി-20 ക്രിക്കറ്റില്‍ വിരാട് കോഹ്ലിക്ക് ഇത് 99-ാം അര്‍ധസെഞ്ചുറി. ഡേവിഡ് വാര്‍ണര്‍ (108) മാത്രമാണ് കോഹ്ലിക്കു മുന്നിലുള്ളത്.
സഹ ഓപ്പണറായ ഫില്‍ സാള്‍ട്ട് (4) ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ട്രെന്റ് ബോള്‍ട്ടിനു മുന്നില്‍ ബൗള്‍ഡായതോടെ റോയല്‍ ചലഞ്ചേഴ്സിന്റെ ഇന്നിംഗ്സ് കോഹ്ലിയുടെ ചുമലിലായി. ദേവ്ദത്ത് പടിക്കല്‍ (22 പന്തില്‍ 37) കോഹ്ലിക്കു കൂട്ടായെത്തിയതോടെ ആര്‍സിബിയുടെ സ്കോര്‍ബോര്‍ഡ് ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് നേടിയാണ് ഈ കുട്ടുകെട്ട് പിരിഞ്ഞത്.
കേരളത്തില്‍ വേരുള്ള ദേവ്ദത്തിനെ പെരിന്തല്‍മണ്ണക്കാരനായ വിഘ്നേഷ് പുത്തൂര്‍ പുറത്താക്കി. വില്‍ ജാക്സിന്റെ ബൗണ്ടറിലൈന് ക്യാച്ചിലൂടെയാണ് ഈ കൂട്ടുകെട്ട് വിഘ്നേഷ് പൊളിച്ചത്.
13000 ക്ലബ്ബിലെ അഞ്ചാമന്
ട്വന്റി-20 ക്രിക്കറ്റില്‍ 13000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലി, 13000 ക്ലബ്ബില്‍ ഇടംനേടുന്ന അഞ്ചാമനാണ്. ക്രിസ് ഗെയ്ല് (14,562), അലക്സ് ഹെയ്ല്‍സ് (13,610), ഷൊയ്ബ് മാലിക്ക് (13,557), കിറോണ്‍ പൊള്ളാര്‍ഡ് (13,537) എന്നിവരാണ് ഈ നേട്ടത്തില്‍ മുമ്പ് എത്തിയവര്‍. അതിവേഗം 13000 ക്ലബ്ബില്‍ എത്തുന്നതില്‍ രണ്ടാം സ്ഥാനവും കോഹ്ലി സ്വന്തമാക്കി. 386 ഇന്നിംഗ്സില്‍നിന്നാണ് കോഹ്ലി 13000 ട്വന്റി-20 റണ്‍സ് നേടിയത്.381 ഇന്നിംഗ്സില്‍ ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്ലിന്റെ പേരിലാണ് റിക്കാര്‍ഡ്.
ക്യാപ്റ്റന്റെ ഇന്നിംഗ്സ്
2025 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയ രജത് പാട്ടിദാറിന്റെ മിന്നും ബാറ്റിംഗായിരുന്നു പിന്നീട് വാങ്കഡേ സ്റ്റേഡിയത്തില്‍ മുംബൈ ആരാധകര്‍ കണ്ടത്. 32 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും അടക്കം പാട്ടിദാര്‍ 64 റണ്‍സ് നേടി.
ലിയാം ലിവിംഗ്സ്റ്റണ് (0) വന്നതും പോയതും അതിവേഗം. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ 19 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 40 റണ്‍സുമായി പുറത്താകാതെ നിന്നു. ജിതേഷിന്റെ കടന്നാക്രമണമാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്കോര്‍ 200 കടത്തിയത്.
ബുംറയ്ക്കു മോശം ദിനം
പരിക്കും ശസ്ത്രക്രിയയുമായി മൂന്നു മാസത്തോളം ക്രിക്കറ്റില്‍നിന്നു വിട്ടുനിന്ന പേസര്‍ ജസ്പ്രീത് ബുംറ ഇന്നലെ മുംബൈ ഇന്ത്യന്‍സിനായി കളത്തിലെത്തി. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയ ബുംറയ്ക്കു വിക്കറ്റ് നേടാന്‍ സാധിച്ചില്ല.
മുംബൈക്കായി ട്രെന്റ് ബോള്‍ട്ട് 57 റണ്‍സിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 45 റണ്‍സിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഓവര്‍ എറിഞ്ഞ വിഘ്നേഷ് പുത്തൂര്‍ 10 റണ്‍സിന് ഒരു വിക്കറ്റ് സ്വന്തമാക്കി. ട്വന്റി-20 ക്രിക്കറ്റില്‍ 200 വിക്കറ്റ് തികയ്ക്കുന്ന 17-ാമന്‍ എന്ന നേട്ടത്തിലും ഹാര്‍ദിക് പാണ്ഡ്യ എത്തി.