സൺറൈസേഴ്സ് ഹൈദരാബാദിനെ 80 റൺസിനു കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
Friday, April 4, 2025 12:56 AM IST
കോല്‍ക്കത്ത: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ 2024 ഫൈനലിന്റെ തനിയാവര്‍ത്തനത്തില്‍ ഫലത്തിലും ജയിക്കാന്‍ സാധിക്കാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ്. നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ എവേ പോരാട്ടത്തിന് ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 80 റണ്‍സിന്റെ നാണംകെട്ട തോല്‍വി.
29 പന്തില്‍ മൂന്നു സിക്സും ഏഴ് ഫോറും അടക്കം 60 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ വെങ്കിടേഷ് അയ്യറാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയ ശില്‍പ്പികളില്‍ പ്രധാനി. 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയുടെ ബൗളിംഗ് വൈഭവവും 32 പന്തില്‍ 50 റണ്‍സ് നേടിയ അംഗ്രിഷ് രഘുവംശിയുടെ ബാറ്റിംഗും നൈറ്റ് റൈഡേഴ്സിന്റെ ജയത്തിനു വഴി തെളിച്ചു. വൈഭവാണ് കളിയിലെ താരം.
തല തകര്‍ന്നു
ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുടക്കം തകര്‍ച്ചയോടെ. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കും (1) സുനില്‍ നരെയ്നും (7) രണ്ടക്കം കാണാതെ കൂടാരം കയറി. ഡികോക്കിനെ കമ്മിന്‍സും നരെയ്നെ മുഹമ്മദ് ഷമിയുമായിരുന്നു മടക്കിയത്. അതോടെ 2.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയില്‍ ആതിഥേയര്‍ പരുങ്ങി.
വെങ്കി, രംഘുവംശി ഫിഫ്റ്റി
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും രഘുവംശിയും ചേര്‍ന്ന് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തി. 81 റണ്‍സിന്റെ കൂട്ടുകെട്ട് ഇവര്‍ ചേര്‍ന്നുണ്ടാക്കി. 27 പന്തില്‍ നാലു സിക്സും ഒരു ഫോറും അടക്കം 38 റണ്‍സ് നേടിയ രഹാനെ പുറത്തായതോടെ വെങ്കിടേഷ് അയ്യര്‍ ക്രീസില്‍. സ്കോര്‍ 106ല്‍ നില്ക്കുമ്പോള് രംഘുവംശി മടങ്ങി. 32 പന്തില്‍ രണ്ടു സിക്സും അഞ്ച് ഫോറും അടക്കമായിരുന്നു രംഘുവംശിയുടെ 50.
മൂന്നു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു വെങ്കിടേഷ് അയ്യറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 206.90 സ്ട്രൈക്ക് റേറ്റിലായിരുന്നു വെങ്കിടേഷ് അയ്യര്‍ 60 റണ്‍സ് അടിച്ചുകൂട്ടിയത്. വെങ്കിടേഷിന് ഒപ്പം റിങ്കു സിംഗും (17 പന്തില്‍ 32 നോട്ടൗട്ട്) ചേര്‍ന്നതോടെ അഞ്ചാം വിക്കറ്റില്‍ 91 റണ്‍സ് പിറന്നു.
വെങ്കിക്ക് ഹാട്രിക് ഫിഫ്റ്റി
സണ്‍റൈസേഴ്സ് ഹൈദരബാദിന് എതിരേ വെങ്കിടേഷ് അയ്യറിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണ് എന്നതും ശ്രദ്ധേയം. 2024 ക്വാളിഫയറില്‍ 28 പന്തില്‍ 51 നോട്ടൗട്ട്, 2024 ഫൈനലില്‍ 26 പന്തില്‍ 52 നോട്ടൗട്ട്, ഇന്നലെ 29 പന്തില്‍ 60 എന്നിങ്ങനെയായിരുന്നു സണ്‍റൈസേഴ്സിന് എതിരേ വെങ്കിയുടെ ഹാട്രിക് ഫിഫ്റ്റി.
വൈഭവ് അറോറ തിംഗ്സ്
201 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസില്‍ എത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മൂന്നു ബാറ്റര്‍മാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഐപിഎല്ലില്‍ വൈഭവ് അറോറയുടെ മുന്നില്‍ ട്രാവിസ് ഹെഡ് (4) രണ്ടാം തവണയും തല കുനിച്ചു.
2024 ഫൈനലില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ വൈഭവിനു മുന്നില്‍ മുട്ടുമടക്കിയ ട്രാവിസ് ഹെഡ്, ഇന്നലെ രണ്ടാം പന്തില്‍ പുറത്ത്. അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ഇഷാന് കിഷനെയും (2) വൈഭവ് അറോറ മടക്കി. ഇതിനിടെ ഹര്‍ഷിത് റാണയ്ക്കു മുന്നില്‍ അഭിഷേക് ശര്‍മയും (2) കീഴടങ്ങിയതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 2.1 ഓവറില്‍ മൂന്നിന് ഒമ്പത് റണ്‍സ് എന്ന ദയനീയതയില്‍.
ഹെന്റിച്ച് ക്ലാസന് (21 പന്തില്‍ 33), കമിന്ധു മെന്‍ഡിസ് (20 പന്തില്‍ 27), നിതീഷ് കുമാര്‍ റെഡ്ഡി (19), പാറ്റ് കമ്മിന്‍സ് (14) എന്നിവര്‍ മാത്രമാണ് സണ്‍റൈസേഴ്സ് ഇന്നിംഗ്സില്‍ രണ്ടക്കം കണ്ടത്. 2025 ഐപിഎല്‍ സീസണില്‍ 300 റണ്‍സ് സ്കോര്‍ ചെയ്യുമെന്നു പ്രതീക്ഷ നല്കിയ ടീമിന് 16.4 ഓവറില്‍ 120 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചതെന്നതും മാനഹാനിയായി.
വൈഭവ് അറോറ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും വരുൺ ചക്രവർത്തി 22 റൺസ് വഴങ്ങി മൂന്നും വിക്കറ്റ് വീതം സ്വന്തമാക്കി.