സായ് കിഷോർ; സ്പിൻ സയന്റിസ്റ്റ്
Friday, April 4, 2025 12:56 AM IST
ചെന്നൈ: ക്രിക്കറ്റിൽ ബാറ്റർമാർക്കൊപ്പം പേരും പെരുമയും കിട്ടുന്ന ബൗളർമാർ കുറവാണ്. ആ ക്ലാസിലേക്കുയരണമെങ്കിൽ ബാറ്ററുടെ മാനസികാവസ്ഥയും ചലനവും നീക്കവും മുൻകൂട്ടിക്കണ്ട് പന്തെറിയണം.
ഇന്ത്യയുടെ ആർ. അശ്വിൻ ഈ കഴിവുകൾ ആർജിച്ചെടുത്ത, ബുദ്ധികൊണ്ട് ഹോം വർക്ക് ചെയ്ത് എതിരാളികളെ വീഴ്ത്തിയ സ്പിന്നറാണ്. അശ്വിന്റെ പാതയിലാണ് മറ്റൊരു ചെന്നൈ സ്വദേശിയായ രവിശ്രീനിവാസൻ സായ് കിഷോർ, ഐപിഎൽ ട്വന്റി-20യിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായ ആറടി നാല് ഇഞ്ച് ഉയരമുള്ള ഇടംകൈയൻ സ്പിന്നർ.
അശ്വിന്റെ പാതയിൽ
തമിഴ്നാട് പ്രീമിയർ ലീഗിൽ ജഗദീശനും ആർ. അശ്വിനുമായി കളിക്കളത്തിൽ സായ് കിഷോർ വാക്കുതർക്കത്തിലേർപ്പെട്ടു. ‘താങ്കൾക്ക് മികവുണ്ടെങ്കിൽ അശ്വനിനെപ്പോലെ പന്തെറിയൂ’ തർക്കത്തിനിടയിലെ ആ വാക്കുകൾ സായിയെ ബൗളിംഗ് കൂടുതൽ മികവുറ്റതാക്കാൻ പ്രേരിപ്പിച്ചു.
അശ്വിനെപ്പോലെ ബുദ്ധികൊണ്ട് ബാറ്ററെ കുരുക്കുന്ന ബൗളറായി സായി പിന്നീട് മാറി. അതോടെ വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ. 2019-20 സീസൺ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നെറ്റ് ബൗളറായി.
ഐപിഎൽ അരങ്ങേറ്റം
നെറ്റ് ബൗളറായി എത്തിയ സായിയുടെ മികവ് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിയും സ്പിന്നർ ഹർഭജൻസിംഗും തിരിച്ചറിഞ്ഞു. സീസണിൽ സായിയെ ടീമിന്റെ ഭാഗമാക്കി. എന്നാൽ, ചെന്നൈക്കായി ഐപിഎല്ലിൽ അരങ്ങേറാൻ അവസരം ലഭിച്ചില്ല.
2022ൽ മൂന്നു കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സായിയെ സ്വന്തമാക്കിയതോടെ താരത്തിന്റെ കരിയർ മാറ്റിമറിക്കപ്പെട്ടു. സീസണിൽ അഞ്ച് മത്സരങ്ങളിൽ ആറ് വിക്കറ്റുമായി റൺ വഴങ്ങുന്നതിൽ പിശുക്കൻ ബൗളറെന്ന പേരിൽ ശ്രദ്ധനേടി.
2024ൽ ഗുജറാത്തിനായി അഞ്ച് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി. 2025ൽ രണ്ടു കോടിക്ക് ഗുജറാത്ത് താരത്തെ വീണ്ടും ടീമിൽ ഒപ്പംകൂട്ടി. സീസണിൽ മിന്നും പ്രകടനമാണ് താരം തുടരുന്നത്.
ഗുജറാത്തിനായി ഇതുവരെ മൂന്നു സീസണിലെ 13 മത്സരങ്ങളിൽനിന്ന് 19 വിക്കറ്റ് സന്പാദ്യം. 33/4 മികച്ച ബൗളിംഗ് പ്രകടനം. 18.26 ശരാശരിയും 8.06 ഇക്കണോമി റേറ്റും.
കാരം ബോൾ
2025 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്രുനാൽ പാണ്ഡ്യയെ പുറത്താക്കിയ കാരം ബോളാണ് സായ് കിഷോറിന്റെ ഏറ്റവും പുതിയ ആയുധം. നടുവിരൽകൊണ്ട് പന്തിനെ പുൾ ചെയ്തു വിടുന്ന കിഷോറിന്റെ ചൈനാമൻ സ്പിന്നിനു മുന്നിലും ബാറ്റർമാർക്കു പലപ്പോഴും ഉത്തരമില്ലാതാകുന്നു.
സായിയുടെ കാരം ബൗളുകളെ അവിശ്വസനീയ പന്തുകളെന്നാണ് ഇന്ത്യൻ മുൻതാരം ആകാശ് ചോപ്ര വിശേഷിപ്പിച്ചത്. ഇടംകൈയൻ സ്പിന്നർമാർക്ക് ഇത്തരം പന്തുകൾ എറിയുക അത്ര എളുപ്പമല്ലെന്നതുതന്നെയാണ് ആ വിശേഷണത്തിനു കാരണം.
2022ൽ ഹാർദിക് പാണ്ഡ്യ ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്ന സമയം സായിയുടെ നിരീക്ഷണപാടവവും ചിന്തയും വിലയിരുത്തിയുള്ള പന്തേറും കണ്ട് സയന്റിസ്റ്റ് എന്നു വിളിച്ചു.
അതെ, ട്വന്റി-20 ക്രിക്കറ്റിൽ നിലവിൽ ഇന്ത്യയിൽ കളിക്കുന്ന ആദ്യ അഞ്ച് സ്പിന്നർമാരിൽ ഒരു സ്ഥാനം ഈ സയന്റിസ്റ്റിനു സ്വന്തം. 2023 ഒക്ടോബറിൽ നടന്ന ഏഷ്യൻ ഗെയിംസ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ ചരിത്രവും സായ് കിഷോറിനുണ്ട്.