ചരിത്ര നേട്ടത്തില്‍ ബൊപ്പണ്ണ
Wednesday, April 9, 2025 1:04 AM IST
മൊണാക്കോ: ഇന്ത്യന്‍ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ ചരിത്ര നേട്ടത്തില്‍. മാസ്റ്റേഴ്സ് 1000 ടെന്നീസ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റിക്കാര്‍ഡ് ബൊപ്പണ്ണ സ്വന്തമാക്കി.
മോണ്ടി കാര്‍ലോ മാസ്റ്റേഴ്സിന്റെ പുരുഷ ഡബിള്‍സില്‍ ആദ്യ റൗണ്ട് ജയിച്ചതോടെയാണിത്. ബൊപ്പണ്ണയും അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണും തമ്മിലുള്ള സഖ്യം ഒരു മണിക്കൂര്‍ ഒമ്പതു മിനിറ്റില്‍ അര്‍ജന്റൈന്‍-ചിലി കൂട്ടുകെട്ടായ ഫ്രാന്‍സിസ്കൊ സെരുണ്ടോളോ-അലജാന്‍ഡ്രോ ടാബിലോയെ കീഴടക്കി. സ്കോര്‍: 6-3, 7-5.
പ്രായം ജസ്റ്റ് 45
നാല്‍പ്പത്തഞ്ചുകാരനായ ബൊപ്പണ്ണ, എടിപി മാസ്റ്റേഴ്സ് 1000 മത്സരങ്ങളില്‍ പുരുഷ സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളില്‍ ജയിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ്.
ഗ്രാന്സ്ലാം ട്രോഫി സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരം എന്ന റിക്കാര്‍ഡ് കഴിഞ്ഞ വര്‍ഷം ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. മാത്യു എബ്ഡെന് ഒപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയപ്പോഴായിരുന്നു അത്. ഏറ്റവും പ്രായമുള്ള ഡബിള്‍സ് ഒന്നാം നമ്പര്‍ താരം എന്ന നേട്ടത്തിലും കഴിഞ്ഞ വര്‍ഷം ബൊപ്പണ്ണ എത്തിയിരുന്നു.