ജപ്പാനില്‍ വെര്സ്റ്റപ്പന്
Monday, April 7, 2025 1:37 AM IST
സുസുക (ജപ്പാന്): 2025 സീസണിലെ മൂന്നാം എഫ് വണ്‍ കാറോട്ട മത്സരമായ ജാപ്പനീസ് ഗ്രാന്‍പ്രീയില്‍ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവര്‍ മാക്സ് വെര്സ്റ്റപ്പന് ജേതാവ്. 2024 ചാമ്പ്യനായ വെര്സ്റ്റപ്പന് ഈ സീസണില്‍ നേടുന്ന ആദ്യ ഒന്നാം സ്ഥാനമാണ്. പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച വെര്‍സ്റ്റപ്പനെ വെല്ലാന്‍ മക്ലാരന്റെ ലാന്‍ഡോ നോറിസിനും ഓസ്കര് പിയാസ്ട്രിക്കും സാധിച്ചില്ല.
പിയാസ്ട്രിയുടെ 24-ാം ജന്മദിനമായിരിന്നു ഇന്നലെ. സീസണിലെ ആദ്യ പോരാട്ടമായ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ ജേതാവായ നോറിസ് രണ്ടാമതും ചൈനീസ് ഗ്രാന്‍പ്രീ വിജയിയായ പിയാസ്ട്രി മൂന്നാമതും ഫിനിഷ് ചെയ്തു. ഓസ്ട്രേലിയയില്‍ രണ്ടാം സ്ഥാനത്തായിരുന്ന വെര്സ്റ്റപ്പന് ഈ സീസണില്‍ നേടുന്ന രണ്ടാം പോഡിയം ഫിനിഷാണ്.
വെര്‍സ്റ്റപ്പന്റെ 64-ാം ഗ്രാന്‍പ്രീ ജയമാണ് ജപ്പാനില്‍ നടന്നത്. ഫെരാരിയുടെ ലൂയിസ് ഹാമില്ട്ടണ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതുള്ള നോറിസിന്റെ (62 പോയിന്റ്) തൊട്ടുപിന്നില്‍ എത്തി വെര്സ്റ്റപ്പന് (61). സീസണിലെ അടുത്ത ഫോര്‍മുല വണ്‍ പോരാട്ടമായ ബെഹ്റിന്‍ ഗ്രാന്‍പ്രീ 13ന് നടക്കും.