കെവിൻ ഡി ബ്രൂയിൻ മാഞ്ചസ്റ്റർ സിറ്റി വിട്ടു
Saturday, April 5, 2025 1:36 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ ഈ സീസണ് അവസാനത്തോടെ ക്ലബ് വിടും.
താരം തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഈ സീസണ് അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി താരം മാറും. ഒരു ദശകത്തെ മാഞ്ചസ്റ്റർ യാത്രയ്ക്കാണ് മിഡ്ഫീൽഡറായ കെവിൻ വിരാമമിടുന്നത്.
2015ൽ വൂൾഫ്സ്ബർഗിൽ നിന്നാണ് ബെൽജിയൻ താരം 33കാരനായ ഡി ബ്രൂയിൻ സിറ്റിയിലെത്തുന്നത്. അതിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി.
വൂൾഫ്സ്ബർഗിൽനിന്ന് 54 മില്യണ് പൗണ്ട് മുടക്കി സൈൻ ചെയ്ത ഡി ബ്രൂയ്ന് സിറ്റിക്കൊപ്പം ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും അഞ്ച് ലീഗ് കപ്പുകൾ, രണ്ട് എഫ്എ കപ്പുകൾ, ഒരു ചാന്പ്യൻസ് ലീഗ് എന്നിവയും നേടിയിട്ടുണ്ട്. 2023ൽ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രപരമായ യുവേഫ ചാന്പ്യൻസ് ലീഗ് വിജയത്തിലും നിർണായക പങ്കുവഹിച്ചു.
ക്ലബ്ബിനായി 413 മത്സരങ്ങളിൽനിന്ന് 106 ഗോളുകൾ നേടി. നൂറോളം അസിസ്റ്റുകളും നൽകി. സൗദി പ്രോ ലീഗ് അടക്കമുള്ള ക്ലബ്ബുകൾ അദ്ദേഹത്തിന്റെ സേവനത്തിനായി താൽപര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്.
“പ്രിയപ്പെട്ട മാഞ്ചസ്റ്റർ, ഇത് വായിക്കുന്പോൾ, ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. ഞാൻ നേരിട്ട് അതിലേക്കു കടക്കാം.
മാഞ്ചസ്റ്റർ സിറ്റി കളിക്കാരനെന്ന നിലയിൽ ഇത് എന്റെ അവസാന മാസങ്ങളാണെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. ഇതിനെക്കുറിച്ച് എഴുതാൻ എളുപ്പമുള്ള കാര്യമല്ല, പക്ഷേ ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ, ഈ ദിവസം ഒടുവിൽ വരുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ആ ദിവസം ഇതാ വന്നിരിക്കുന്നു’’. ക്ലബ്ബിന്റെ ആരാധകർക്കുള്ള കത്തിൽ ഡി ബ്രൂയിൻ കുറിച്ചു.
അവസരം നൽകിയ ക്ലബ്ബിനോടും സഹതാരങ്ങളോടുമുള്ള നന്ദിയും സ്നേഹവും ഡി ബ്രൂയിൻ അറിയിച്ചു.