റയലിനെ ഞെട്ടിച്ച് ആഴ്സണൽ, ബയണിനെ തകർത്ത് ഇന്റർ മിലാൻ
Thursday, April 10, 2025 1:37 AM IST
ലണ്ടൻ: യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ സ്പാനിഷ് വന്പൻമാരായ റയൽ മഡ്രിഡിനും ജർമൻ കരുത്തരായ ബയണ് മ്യൂണിക്കിനും ഞെട്ടിക്കുന്ന തോൽവി. റയലിനെ ഇംഗ്ലിഷ് ക്ലബ് ആഴ്സണലും ബയണിനെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമാണ് തകർത്തുവിട്ടത്.
ഫ്രീകിക്കുകളിൽനിന്ന് ഇരട്ടഗോൾ നേടിയ ഡെഗ്ലാൻ റൈസിന്റെ മികവിലാണ് ആഴ്സണലിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദ ക്വാർട്ടറിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ വീണത്. ബയണിന്റെ തട്ടകത്തിൽ 2-1നാണ് ഇന്റർ മിലാന്റെ വിജയം.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ആഴ്സണൽ മൂന്നു ഗോളുകളും നേടിയത്. 58, 70 മിനിറ്റുകളിൽ ഡെക്ലാൻ റൈസ് ഫ്രീകിക്കിൽനിന്ന് ലക്ഷ്യം കണ്ടു.
ആഴ്സണലിന്റെ മൂന്നാം ഗോൾ മൈക്കൽ മെറീനോ 75ാം മിനിറ്റിൽ നേടി. വെറും 17 മിനിറ്റിന്റെ ഇടവേളയിലാണ് മൂന്നു ഗോളുകൾ പിറന്നത്.
മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട എഡ്വാർഡോ കാമവിംഗ ഇൻജറി ടൈമിൽ പുറത്തുപോയതിനാൽ 10 പേരുമായാണ് റയൽ മത്സരം പൂർത്തിയാക്കിയത്.
അതേസമയം 2008-09 സീസണിനുശേഷം ഇതാദ്യമായി ചാംപ്യൻസ് ലീഗ് സെമിയിൽ കടക്കാനുള്ള സുവർണാവസരമാണ് ഇതോടെ ആർസനലിനു മുന്നിലുള്ളത്. ക്വാർട്ടറിന്റെ രണ്ടാം പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ഏപ്രിൽ 17ന് നടക്കും.
38ാം മിനിറ്റിൽ ലൗത്താരോ മാർട്ടിനസും 88ാം മിനിറ്റിൽ പകരക്കാരൻ താരം ഡേവിഡ് ഫ്രറ്റേസിയും ലക്ഷ്യം കണ്ടതോടെ ഇന്റർ മിലാൻ തകർപ്പൻ ജയം നേടി.
സീസണോടെ ടീം വിടുമെന്ന് പ്രഖ്യാപിച്ച വെറ്ററൻ താരം തോമസ് മുള്ളറാണ് പകരക്കാരനായെത്തി 85ാം മിനിറ്റിൽ ബയണിന്റെ ആശ്വാസഗോൾ നേടിയത്.