2025 സീസണ് ഐപിഎല്ലിലെ രണ്ടാം സെഞ്ചുറി പ്രിയാന്‍ഷ് ആര്യക്ക്
Wednesday, April 9, 2025 1:04 AM IST
മുള്ളന്‍പുര്‍ (പഞ്ചാബ്): ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ മൂന്നാം ജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. 2025 സീസണിലെ രണ്ടാം സെഞ്ചുറി പിറന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് 18 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചു. 42 പന്തില്‍ 103 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയാണ് പഞ്ചാബിന്റെ വിജയ ശില്‍പ്പി.
220 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പോരാട്ടം 18 റണ്‍സ് അകലെ അവസാനിച്ചു. ഡെവോണ്‍ കോണ്‍വെയായിരുന്നു (49 പന്തില്‍ 69 റിട്ടയേര്‍ഡ് ഹര്‍ട്ട്) ചെന്നൈയുടെ ടോപ് സ്കോറര്‍. ശിവം ദുബെ (27 പന്തില്‍ 42), രചിന് രവീന്ദ്ര (23 പന്തില്‍ 36), എം.എസ്. ധോണി (12 പന്തില്‍ 27) എന്നിവരും ചെന്നൈക്കു വേണ്ടി പോരാടി.
തകര്‍ച്ചയോടെ തുടക്കം
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവര്‍ മുതല്‍ പഞ്ചാബിനു വിക്കറ്റ് നഷ്ടപ്പെടാന്‍ തുടങ്ങി. പ്രഭ്സിമ്രന് സിംഗിനെ (2) ആണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ ശ്രേയസ് അയ്യര്‍ (9), മാര്‍കസ് സ്റ്റോയിന്‍സ് (4), നേഹല്‍ വധേര (9), ഗ്ലെന്‍ മാക്സ്വെല് (1) എന്നിവരെല്ലാം രണ്ടക്കംപോലും കാണാതെ പുറത്ത്. എട്ടാം ഓവറിന്റെ അവസാന പന്തില്‍ മാക്സ്വെല് പുറത്താകുമ്പോള്‍ പഞ്ചാബ് കിംഗ്സിന്റെ സ്കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83.
അതിവേഗം ആര്യ, ശശാങ്ക്
വിക്കറ്റുകള്‍ ഒരുവശത്ത് കൊഴിയുമ്പോഴും മറുവശത്ത് അതിവേഗ സ്കോറിംഗുമായി പ്രിയാന്‍ഷ് ആര്യ ക്രീസില്‍ നങ്കൂരമിട്ടു. നേരിട്ട 19-ാം പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ആര്യ, 39-ാം പന്തില്‍ സെഞ്ചുറി തികച്ചു. 2025 സീസണ് ഐപിഎല്ലില്‍ പിറന്ന രണ്ടാം സെഞ്ചുറി. 42 പന്തില്‍ ഒമ്പത് സിക്സും ഏഴ് ഫോറും അടക്കം 103 റണ്‍സ് നേടിയശേഷമാണ് പ്രിയാന്‍ഷ് ആര്യ മടങ്ങിയത്. 13.4 ഓവറില്‍ സ്കോര്‍ 154ല്‍ എത്തിച്ചശേഷമായിരുന്നു ആര്യയുടെ മടക്കം.
ഏഴാം നമ്പറായി ക്രീസിലെത്തിയ ശശാങ്ക് സിംഗിന്റെ വെടിക്കെട്ടായിരുന്നു പിന്നീട് പഞ്ചാബിന്റെ ആശ്വാസം. 36 പന്തില്‍ മൂന്നു സിക്സും രണ്ടു ഫോറും അടക്കം ശശാങ്ക് 52 റണ്‍സുമായി പുറത്താകാതെ നിന്നു. മാര്‍ക്കോ യാന്‍സണും (19 പന്തില്‍ 34 നോട്ടൗട്ട്) ശശാങ്കിനൊപ്പം ചേര്‍ന്നതോടെ പഞ്ചാബിന്റെ സ്കോര്‍ 200 കടന്നു.
അതിവേഗത്തില്‍ രണ്ടാമന്
ഐപിഎല്‍ ചരിത്രത്തില്‍ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്തും പ്രിയാന്‍ഷ് ആര്യ എത്തി. 2010ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ 37 പന്തില്‍ സെഞ്ചുറി നേടിയ യൂസഫ് പഠാന്റെ പേരിലാണ് റിക്കാര്‍ഡ്. 2020ല്‍ മായങ്ക് അഗര്‍വാള്‍ രാജസ്ഥാന് റോയല്‍സിന് എതിരേ 45 പന്തില്‍ നേടിയ സെഞ്ചുറി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ സെഞ്ചുറികളില്‍ നാലാം സ്ഥാനവും പ്രിയാന്‍ഷ് ആര്യക്കുണ്ട്. 2013ല്‍ 30 പന്തില്‍ സെഞ്ചുറി തികച്ച ക്രിസ് ഗെയ്ലിന്റെ പേരിലാണ് റിക്കാര്‍ഡ്. യൂസഫ് പഠാന് (37 പന്തില്‍), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. പ്രിയാന്‍ഷ് ആര്യക്കൊപ്പം 39 പന്തില്‍ സെഞ്ചുറിയുമായി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡുമുണ്ട്.
അരങ്ങേറ്റ സീസണിലെ റിക്കാര്‍ഡ്
ഇരുപത്തിനാലുകാരനായ പ്രിയാന്‍ഷ് ആര്യയുടെ അരങ്ങേറ്റ ഐപിഎല്‍ സീസണ് ആണിത്. അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ അതിവേഗത്തില്‍ അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡ് ആര്യ ഇന്നലെ കുറിച്ചു. 19 പന്തിലായിരുന്നു ആര്യയുടെ അര്‍ധസെഞ്ചുറി. 2008ല്‍ യൂസഫ് പഠാന് 21 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.