വിജയനും കേരള ടീമിനും കെഎഫ്എയുടെ ആദരം
Sunday, April 6, 2025 1:09 AM IST
കൊച്ചി: പത്മശ്രീ പുരസ്കാര ജേതാവായ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ (കെഎഫ്എ) നേതൃത്വത്തില്‍ ആദരിച്ചു.
അര്‍ജുന അവാര്‍ഡ് നേടിയപ്പോള്‍ ആദരവ് ലഭിക്കാത്തതില്‍ സങ്കടമുണ്ടായിരുന്നെന്ന് തുറന്നുപറഞ്ഞ വിജയന് കെഎഫ്എ അനുമോദിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു.
കൊച്ചി ഐഎംഎ ഹൗസില്‍ ‘പ്രൈഡ് ഓഫ് കേരള ഫുട്ബാള്‍ 2024-25’എന്നപേരില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദരം. ഹൈബി ഈഡന് എംപി ഐ.എം. വിജയനെ പൊന്നാടയണിയിച്ച് മെമെന്റോ കൈമാറി.
വിജയന് പത്മശ്രീ നല്കി ആദരിച്ചതടക്കം അഭിമാനം നിറഞ്ഞ വര്‍ഷത്തിലൂടെയാണ് കേരള ഫുട്ബോള്‍ മുന്നോട്ടുപോകുന്നതെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. ടി.ജെ. വിനോദ് എംഎല്‍എ, കെഎഫ്എ മുഖ്യരക്ഷാധികാരി കെ.എം.ഐ. മേത്തര്‍ തുടങ്ങിയവരും പങ്കെടുത്തു.
സന്തോഷ് ട്രോഫിയില്‍ റണ്ണേഴ്സ് അപ്പായ കേരള ടീമിനെയും ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിനെയും ഗോവയില്‍ നടന്ന ദേശീയ ബീച്ച് സോക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ടീമിനെയും ആദരിച്ചു.