ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്
Sunday, April 6, 2025 1:09 AM IST
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് 25 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടു. 51 പന്തില്‍ 77 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ ഇന്നിംഗ്സിലായിരുന്നു ഡല്‍ഹിയുടെ ജയം. പ്ലെയര്‍ ഓഫ് ദ മാച്ചും കെ.എല്‍. രാഹുലാണ്.
ചെപ്പോക്കില്‍ നാണക്കേട്
മാര്‍ച്ച് 28നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് ചെപ്പോക്കില്‍ പരാജയപ്പെട്ട സിഎസ്കെ, ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്സില്നിന്നും ഹോം പരാജയം ഏറ്റുവാങ്ങി. ആര്‍സിബിയോട് ചെപ്പോക്കില്‍ 17 വര്‍ഷത്തിനുശേഷമായിരുന്നു സിഎസ്കെ പരാജയപ്പെട്ടത്. ചെപ്പോക്കില്‍ ഡല്‍ഹിയോട് 15 വര്‍ഷത്തിനുശേഷമാണ് തോല്ക്കുന്നതെന്നതും ചെന്നൈക്കു നാണക്കേടായി.
രാഹുല്‍ ഫിഫ്റ്റി
ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജെയ്ക് ഫ്രേസര്‍ മക്ഗുക്കിനെ (0) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും കെ.എല്‍. രാഹുലും അഭിഷേക് പോറലും (33) ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അക്സര്‍ പട്ടേല്‍ (21), സമീര്‍ റിസ്വി (20), ട്രിസ്റ്റന്‍ സ്റ്റബ്സ് (24 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗിലൂടെ ഡല്‍ഹി പൊരുതാനുള്ള സ്കോറില്‍ എത്തി.
വിജയ്യുടെ സ്ലോ ഫിഫ്റ്റി
മറുപടിക്കിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ രചിന് രവീന്ദ്ര (3), ഡെവോണ്‍ കോണ്‍വെ (13), ഋതുരാജ് ഗെയ്ക്വാദ് (5) എന്നിവര്‍ 5.3 ഓവറില്‍ 41 റണ്‍സുള്ളപ്പോള്‍ പവലിയന്പൂകി. തുടര്‍ന്ന് വിജയ് ശങ്കറും (54 പന്തില്‍ 69 നോട്ടൗട്ട്) എം.എസ്. ധോണിയും (26 പന്തില്‍ 30 നോട്ടൗട്ട്) മാത്രമാണ് സിഎസ്കെയ്ക്കു വേണ്ടി പോരാടിയത്. ശിവം ദുബെ (18), രവീന്ദ്ര ജഡേജ (2) എന്നിവര്‍ നിരാശപ്പെടുത്തി.
നേരിട്ട 43-ാം പന്തിലായിരുന്നു വിജയ് ശങ്കര്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. 2025 സീസണ് ഐപിഎല്ലിലെ ഏറ്റവും സ്ലോ ഫിഫ്റ്റി. ആറാം വിക്കറ്റില്‍ വിജയ് ശങ്കറും ധോണിയും ചേര്‍ന്ന് 84 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ആറാം വിക്കറ്റില്‍ സിഎസ്കെയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
ധോണി നയിച്ചില്ല
ചെന്നൈ സൂപ്പർ കിംഗ്സിനെ എം.എസ്. ധോണി വീണ്ടും നയിക്കുമെന്നുള്ള ആരാധക പ്രതീക്ഷ സഫലമായില്ല. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് വലതു കൈക്ക് പരിക്കിനെത്തുടർന്ന് ഡൽഹി ക്യാപ്പിറ്റൽസിന് എതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലെന്നായിരുന്നു റിപ്പോർട്ട്.
രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ധോണിയെ ചെന്നൈ ക്യാപ്റ്റനായി കാണമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, പരിക്കിൽനിന്ന് മുക്തനായ ഋതുരാജ് തന്നെയാണ് ഇന്നലത്തെ മത്സരത്തിൽ ചെന്നൈയെ നയിച്ചത്.