ബുംറ റിട്ടേണ്‍സ്; ഇന്നു കളിച്ചേക്കും
Monday, April 7, 2025 1:37 AM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20യില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറ ടീമിനൊപ്പം ചേര്‍ന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ബുംറ, ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്നു. ജനുവരി നാലിന് പരിക്കേറ്റശേഷം ബുംറ കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ബുംറ തിരിച്ചെത്തിയപ്പോള്‍ മൈതാനത്തുവച്ച് കിറോള് പൊള്ളാര്‍ഡ് അദ്ദേഹത്തെ എടുത്തുയര്‍ത്തിയാണ് സ്വീകരിച്ചത്. നെറ്റ്സ് സെഷനില്‍ രോഹിത് ശര്‍മയ്ക്കെതിരേ ബുംറ പന്ത് എറിഞ്ഞു. തുടര്‍ച്ചയായി മൂന്ന് തവണ രോഹിത് ബുംറയെ സിക്സര്‍ പറത്തി.
ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒപ്പം ബുംറ കളിക്കും എന്നാണ് കോച്ച് മഹേല ജയവര്‍ധനെ അറിയിച്ചത്. ബുംറയുടെ മടങ്ങിവരവിനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പ്. 2013ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ബുംറ. മുംബൈ ഇന്ത്യന്‍സിനായി 133 മത്സരങ്ങളില്‍ 165 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
300ലേക്ക് അഞ്ച് വിക്കറ്റ്
ട്വന്റി-20 ക്രിക്കറ്റില്‍ 300 വിക്കറ്റ് എന്ന നാഴികക്കല്ലിലേക്ക് ജസ്പ്രീത് ബുംറയ്ക്ക് ഇനിവേണ്ടത് അഞ്ച് വിക്കറ്റുകള്‍ മാത്രം. 232 ഇന്നിംഗ്സില്‍ 295 വിക്കറ്റ് ബുംറയ്ക്ക് ഉണ്ട്. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് ബുംറ. യുസ്വേന്ദ്ര ചഹല്‍ (365), പീയൂഷ് ചൗള (319), ആര്. അശ്വിന് (313), ഭുവനേശ്വര്‍ കുമാര്‍ (312) എന്നിവരാണ് ആദ്യ നാലു സ്ഥാനക്കാര്‍.