കാള്‍സനെ വീഴ്ത്തി അര്ജുന്
Wednesday, April 9, 2025 1:04 AM IST
പാരീസ്: ഫ്രീസ്റ്റൈല്‍ ഗ്രാന്‍സ് ലാം ടൂര്‍ സ്റ്റേജ് രണ്ടില്‍ ലോക ഒന്നാം നമ്പര്‍ പുരുഷ ചെസ് താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ അര്ജുന് എറിഗൈസി.
ആദ്യ റൗണ്ടിലാണ് ഇരുപത്തൊന്നുകാരനായ അര്ജുന് കാള്‍സനെ വീഴ്ത്തിയത്. എന്നാല്‍, തുടര്‍ന്നുള്ള നാലു മത്സരങ്ങളിലും ജയം സ്വന്തമാക്കിയ കാള്സന് ആദ്യദിനം 5/6 എന്ന നിലയില്‍ പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്തെത്തി.
കാള്‍സനു പിന്നാലെ ഫാബിയാനൊ കരുവാനയെയും കീഴടക്കിയ അര്ജുന് 3.5/6 എന്ന പോയിന്റുമായാണ് ആദ്യദിനം അവസാനിപ്പിച്ചത്. ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ രണ്ടു ജയത്തോടെ (ഇയാന്‍ നിപോംനിഷിക്കും വിദിത് ഗുജറാത്തിക്കും എതിരേ) 2.5/6 എന്ന നിലയില്‍ മത്സരം അവസാനിപ്പിച്ചു.
അതേസമയം, ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷ് 1.5/6 എന്ന നിലയിലാണ് ആദ്യദിനം പൂര്‍ത്തിയാക്കിയത്. അര്‍ജുനെ മാത്രമേ ഗുകേഷിനു കീഴടക്കാന്‍ സാധിച്ചുള്ളൂ.