ഗുജറാത്ത് ടൈറ്റന്‍സിന് നാലാം ജയം
Thursday, April 10, 2025 1:37 AM IST
അഹമ്മദാബാദ്: സ്വന്തം തട്ടകത്തിൽ കൂറ്റനടികളുമായി ബാറ്റിംഗ് പൂരം തീർത്ത ഗുജറാത്ത് ടൈറ്റൻസിനോട് 58 റണ്‍സിന് തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ്.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന് 14 റണ്‍സിൽ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താനയതാണ് ഏക ആശ്വാസം. കൂറ്റനടികളുമായി നിറഞ്ഞ സായ് സുദർശൻ (53 പന്തിൽ 82 റണ്‍സ്) ഗുജറാത്തിന് മിന്നും തുടക്കം നൽകി. രാജസ്ഥാനാകട്ടെ ഒരറ്റത്ത് സഞ്ജു സാംസണ് (41) പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും തുടക്കത്തില്‍ തന്നെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു.
ഹെറ്റ്മെയര്‍ (52) തകര്‍ത്തടിച്ചെങ്കിലും ജയം അകന്നിരുന്നു. അഞ്ച് കളികളില്‍ നാല് ജയവുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. സ്കോർ: ഗുജറാത്ത്: 20 ഓവറിൽ 217/6. രാജസ്ഥാൻ: 19.2 ഓവറിൽ 159
ഗുജറാത്ത് പൂരം:
ഫോമിലുള്ള ശുഭ്മാൻ ഗിൽ (2) ആദ്യം വീണങ്കിലും ഗുജറാത്ത് പതറിയില്ല. സായ് സുദർശനൊപ്പം ജോസ് ബട്ലര് (36), ഷാരൂക് ഖാൻ (36), രാഹുൽ തൊവാട്യ (24) എന്നിവരുടെ പിന്തുണയിൽ സ്കോർ 200 കടത്തി. മനീഷ് തീക്ഷ്ണയും തുഷാർ ദേശ്പാണ്ഡെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും ഇരുവരും നാല് ഓവറിൽ 53, 54 റണ്‍സ് വീതം വഴങ്ങി. സന്ദീപ് ശർമ, ജോഫ്ര ആർച്ചർ എന്നിവർ ഓരോ വിക്കറ്റും നേടി.
രാജസ്ഥാൻ വീണുതുടങ്ങി:
മറുപടി ബാറ്റിംഗിൽ 12 റണ്‍സ് എടുത്തപ്പോഴേക്കും ഓപ്പണർ യശസ്വി ജയ്സ്വാൾ (6), നിതീഷ് റാണ (1) എന്നിവർ കൂടാരം കയറി. റയാന് പരാഗും ധ്രുവ് ജുറെലും കൂടി നിരാശപ്പെടുത്തിയതോടെ 68/4 എന്ന നിലയിലേക്ക് രാജസ്ഥാന് വീണു. ഗുജറാത്തിന്റെ പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടി.