പുരാന്റെ മികവിൽ ലക്നോ നാലു റൺസിനു കോൽക്കത്തയെ കീഴടക്കി
Wednesday, April 9, 2025 1:04 AM IST
കോല്‍ക്കത്ത: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാല് റണ്‍സിനു കീഴടക്കി ലക്നോ സൂപ്പര്‍ ജയന്റ്സ്.
239 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്ന്നു, സൂപ്പര്‍ ത്രില്ലറിന്റെ പിരിമുറുക്കങ്ങള്‍ പാരമ്യതയിലെത്തിച്ചാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാടി കീഴടങ്ങിയത്. ലക്നോയുടെ മൂന്നാം ജയവും നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്തയുടെ മൂന്നാം തോല്‍വിയുമാണ്. ഈഡൻ ഗാർഡൻസ് പൂരപ്പറന്പാക്കിയ ലക്നോ സൂപ്പർ ജയന്റ്സിന്റെ നിക്കോളാസ് പുരാനാണ് (36 പന്തിൽ 87 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ മാച്ച്.
മിച്ചല്‍ മാർഷ് - നിക്കോളാസ് പുരാന്
ടോസ് നേടിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലക്നോ സൂപ്പര്‍ ജയന്റ്സ് ഓപ്പണര്‍മാരായ എയ്ഡന്‍ മാക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്നുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 99 റണ്‍സ് പിറന്നു. 28 പന്തില്‍ 47 റണ്‍സ് നേടിയ മാക്രത്തെ ഹര്‍ഷിത് റാണ ബൗള്‍ഡാക്കി.
തുടര്‍ന്ന് മാര്‍ഷിനൊപ്പം നിക്കോളാസ് പുരാന് ക്രീസിലെത്തി. നേരിട്ട 36-ാം പന്തില്‍ മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ചുറി തികച്ചു. അഞ്ച് സിക്സും ആറ് ഫോറും അടക്കം 48 പന്തില്‍ 81 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെ ആന്ദ്രേ റസല്‍ മടക്കി. 36 പന്തില്‍ എട്ട് സിക്സും ഏഴ് ഫോറും അടക്കം 87 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളാസ് പുരാനാണ് ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ സ്കോര്‍ 200 കടത്തിയത്.
പുരാന് @ 2000
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി നിക്കോളാസ് പുരാന്. 1120 പന്തില്‍ 2000 റണ്‍സ് തികച്ച ആന്ദ്രെ റസലിനു പിന്നിലാണ് പുരാന് (1199 പന്ത്).
ഐപിഎല്ലില്‍ 2000 റണ്‍സ് പിന്നിടുന്ന അഞ്ചാമത് വെസ്റ്റ് ഇന്‍ഡീസ് താരമാണ് നിക്കോളാസ് പുരാന്. ക്രിസ് ഗെയ്ൽ (4965), കിറോണ്‍ പൊള്ളാര്‍ഡ് (3412), ആന്ദ്രേ റസല്‍ (2494), ഡ്വെയ്ന്‍ ബ്രാവോ (2385) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ വിന്‍ഡീസ് താരങ്ങള്‍.
50 രഹാനെ @ 7000
239 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് മിന്നും ബാറ്റിംഗ് കാഴ്ചവച്ചത്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കും (ഒമ്പത് പന്തില്‍ 15) സുനില്‍ നരെയ്നും (13 പന്തില്‍ 30) അതിവേഗ സ്കോറിംഗിനിടെ പവലിയന് പൂകി.
35 പന്തില്‍ 61 റണ്‍സ് നേടിയ രഹാനെയുടെ ബാറ്റില്‍നിന്ന് രണ്ട് സിക്സും എട്ട് ഫോറും പിറന്നു. ട്വന്റി-20 ക്രിക്കറ്റില്‍ 7000 റണ്‍സ് എന്ന നേട്ടത്തിലും രഹാനെ എത്തി. ഈ നേട്ടത്തിലെത്തുന്ന 12-ാമത് ഇന്ത്യന്‍ താരമാണ് രഹാനെ. ട്വന്റി-20 ക്രിക്കറ്റില്‍ രഹാനെയുടെ 50-ാം അര്‍ധസെഞ്ചുറിയാണ്. ട്വന്റി-20 ക്രിക്കറ്റില്‍ 50 അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുന്ന എട്ടാമത് ഇന്ത്യന്‍ താരമാണ് രഹാനെ.
രഹാനെയ്ക്കുശേഷം വെങ്കിടേഷ് അയ്യര്‍ (29 പന്തില്‍ 45), റിങ്കു സിംഗ് (15 പന്തില്‍ 38 നോട്ടൗട്ട്) എന്നിവര്‍ തകര്‍ത്തടിച്ചു. അവസാന നിമിഷം റിങ്കു സിംഗ് നടത്തിയ കടന്നാക്രമണം കെകെആറിനെ ജയിപ്പിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ഓവര്‍ അവസാനിച്ചതോടെ മത്സരം ലക്നോ സ്വന്തമാക്കി.