ഐപിഎൽ : ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി
Saturday, April 5, 2025 1:36 AM IST
ചെന്നൈ: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ വീണ്ടും നയിക്കും. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരേ നടക്കുന്ന ഹോം മത്സരത്തിൽ ചെന്നൈ ഇറങ്ങുന്നത് ധോണിയുടെ കീഴിലാണ്.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കിനെ തുടർന്ന് കളിക്കാത്തതിനാലാണ് ധോണി വീണ്ടും നായകനാകുന്നത്. ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് തീരുമാനം അറിയിച്ചത്.
ഗെയ്ക്വാദ് പരിക്കിൽനിന്ന് മുക്തനാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഇന്നത്തെ മത്സരത്തിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പില്ലെന്നും ഹസി പറഞ്ഞു. ഞായറാഴ്ച രാജസ്ഥാനെതിരായ മത്സരത്തിലാണ് നായകന് പരിക്കേറ്റത്.
ഐപിഎൽ 2023 സീസണ് അഹമ്മദാബാദിൽ നടന്ന ഫൈനലിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലർ പോരാട്ടത്തിൽ അവസാന രണ്ടു പന്തിൽ ഫോറും സിക്സും പറത്തി രവീന്ദ്ര ജഡേജ ടീമിന് ജയം സമ്മാനിച്ചപ്പോൾ ചെന്നൈ അഞ്ചാം കിരീടം സ്വന്തമാക്കി.
2022 സീസണിൽ ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകിയെങ്കിലും മോശം തുടക്കത്തെ തുടർന്ന് ധോണിതന്നെ ടീമിനെ നയിക്കുകയായിരുന്നു. തുടർന്നാണ് ഋതുരാജ് ഗെയ്ക്വാദിനെ ചെന്നൈ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
ചെന്നൈ- ഡൽഹി പോരാട്ടം ഇന്ന്
ചെന്നൈ: ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് 2025 സീസണ് 17-ാമത് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
തുടർച്ചയായ മൂന്നാം ജയം തേടിയാണ് അക്സർ പട്ടേലിന്റെ കീഴിൽ ഡൽഹി മത്സരത്തിനിറങ്ങുന്നത്. ഒരു ജയവും രണ്ടു തോൽവിയുമായി പതറുന്ന ടീമിന്റെ ഉജ്വല തിരിച്ചുവരവാണ് ചെന്നൈയുടെ ലക്ഷ്യം.
വൈകിട്ട് 3.30ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റത്തിനെത്തുടർന്ന് എം.എസ്. ധോണി വീണ്ടും ചെന്നൈയുടെ നായകനാകും.
പഞ്ചാബ്- രാജസ്ഥാൻ
പഞ്ചാബ്: ഇന്ന് നടക്കുന്ന ഐപിഎൽ രണ്ടാം മത്സരത്തിൽ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സ് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ നേരിടും.
ശ്രേയസിന്റെ കീഴിൽ മിന്നും പ്രകടനം നടത്തുന്ന പഞ്ചാബിന്റെ ലക്ഷ്യം തുടർച്ചയായ മൂന്നാം ജയമാണ്. റയാൻ പരാഗിന് കീഴിൽ മോശം തുടക്കം ഏറ്റുവാങ്ങിയ രാജസ്ഥാൻ സഞ്ജു സാംസണിന്റെ മടങ്ങിവരവോടെ വിജയത്തുടക്കമാണ് പ്രതീക്ഷിക്കുന്നത്.
പഞ്ചാബിലെ മുല്ലൻപുർ മഹാരാജ യദവിന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം നടക്കുന്നത്.