ഐഎസ്എല്‍ ഫൈനലില്‍ മോഹൻ ബഗാനും ബംഗളൂരുവും ശനിയാഴ്ച ഏറ്റുമുട്ടും
Tuesday, April 8, 2025 1:19 AM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് ഫൈനലില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടും.
ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ മോഹന്‍ ബഗാന് 2-0ന് ജംഷഡ്പുര്‍ എഫ്സിയെ കീഴടക്കി. ഇതോടെ ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെ ബഗാന് ഫൈനലിലേക്കു മുന്നേറി. ശനിയാഴ്ച കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. എഫ്സി ഗോവയെ തോല്‍പ്പിച്ചാണ് ബംഗളൂരു ഫൈനലിലെത്തിയത്.
നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ആദ്യപാദ സെമിയില്‍ 1-2ന് ജംഷഡ്പുര്‍ എഫ്സിയോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്വച്ചു നടന്ന രണ്ടാംപാദത്തില്‍ ജേസണ്‍ കമ്മിംഗ്സ് 51-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബഗാന് 1-0ന്റെ ലീഡ് നല്കി. അതോടെ ഇരുപാദങ്ങളിലുമായി 2-2 സമനില.
മത്സരം ഇഞ്ചുറി ടൈമും കടന്ന് അധിക സമയത്തേക്കു നീണ്ടേക്കുമെന്ന തോന്നല്‍ അവസാനിപ്പിച്ചായിരുന്നു ലാലെങ്മാവിയ റാല്‍റ്റെയുടെ വിജയ ഗോളെത്തിയത്. 90+4-ാം മിനിറ്റില്‍ റാല്‍റ്റെ ബഗാനെ ഫൈനലിലേക്കു കൈപിടിച്ച ഗോള്‍ സ്വന്തമാക്കി. അനിരുദ്ധ് ഥാപ്പയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.