യുവതാരങ്ങൾക്കു മാത്രമല്ല, പ്രതിഭകൾക്കും അവസരം നൽകും: രാഹുൽ ദ്രാവിഡ്
Thursday, April 10, 2025 1:37 AM IST
ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ രാജസ്ഥാൻ റോയൽസിന് വലിയ പങ്കാണുള്ളതെന്ന് ടീം പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രാഹുൽ ദ്രാവിഡ്. ക്രിക്കറ്റിനും അപ്പുറത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യമെന്നും ദ്രാവി്ഡ് കൂട്ടിച്ചേർത്തു.
“ഐപിഎല്ലിന്റെ തുടക്കം മുതൽ രാജസ്ഥാൻ റോയൽസ് യുവതാരങ്ങളെ തിരിച്ചറിയാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. മികച്ച കഴിവുണ്ടായിരുന്നിട്ടും അംഗീകാരം ലഭിക്കാതെ പോയവർക്കും രാജസ്ഥാൻ അവസരം നൽകും.
ഇത് രാജസ്ഥാന്റെ നയങ്ങളിലുള്ളതാണ്. 41-ാം വയസിൽ പ്രവീണ്‍ താംബെ രാജസ്ഥാൻ നിരയിൽ അരങ്ങേറ്റം കുറിച്ചതും ഉദാഹരണമാണ്”. സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.
പ്രവീണ്‍ താംബെയെ യുവതാരം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല.
എന്നാൽ താംബെ രാജസ്ഥാൻ റോയൽസിൽ കളിച്ച ഒരു താരമാണ്. യുവത്വം എന്നത് പ്രധാനപ്പെട്ട വാക്കാണ്. പലപ്പോഴും ആരും ശ്രദ്ധിക്കാത്ത താരങ്ങൾ ടീമിലെത്തുന്പോഴാണ് യുവതാരം എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
കാലിന് പരിക്കേറ്റ രാഹുൽ ദ്രാവിഡ് വീൽചെയറിൽ ടീമിന്റെ പരിശീലനത്തിന് ഗ്രൗണ്ടിലെത്തിയിരുന്നു. ഇന്ത്യയുടെ വൻമതിലിന്റെ ആത്മാർഥതയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.