ഉദയമില്ലാതെ സൺറൈസേഴ്സ്...
Tuesday, April 8, 2025 1:19 AM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിൽ ബാറ്റർമാരുടെ പൂരപ്പറന്പ് സൃഷ്ടിച്ച് കപ്പുയർത്താൻ സാധ്യത കൽപ്പിക്കപ്പെട്ട ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്.
ഐപിഎല്ലിൽ 300 റൺസ് ടീം ടോട്ടൽ പടുത്തുയർത്താൻ കെൽപ്പുണ്ടെന്ന് ഏവരും വിശ്വസിച്ച ടീം. പാറ്റ് കമ്മിൻസ് എന്ന ക്യാപ്റ്റനിൽ ആരാധകർ പ്രതീക്ഷയുടെ ഭാരം ഏൽപ്പിച്ചു. ആദ്യ മത്സരത്തിൽ വീര്യം ചോരാത്ത പ്രകടനം നടത്തിയ ഹൈദരാബാദ് പക്ഷെ നാല് തുടർത്തോൽവികളിലൂടെ ലീഗ് ടേബിളിന്റെ ഏറ്റവും പിന്നിലായി. വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ബൗളർമാരുടെ പ്രകടനവും ടീമിന്റെ ജയത്തിൽ നിർണായകമാണെന്നത് സൺറൈസേഴ്സ് മറന്നു.
ദുർബല ബൗളിംഗ്
ഹൈദരാബാദിന്റെ ബൗളിംഗ് ദുർബലത വിളിച്ചോതുന്നതായിരുന്നു തോൽവികളെല്ലാം. സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഏഴ് മുതൽ 16വരെയുള്ള മിഡിൽ ഓവറുകളിൽ ആകെ ടീം നേടിയത് 12 വിക്കറ്റുകൾ. ഇക്കോണമി 9.92. പത്ത് ടീമിൽ ഏറ്റവും മോശം പ്രകടനത്തിൽ ഏഴാം സ്ഥാനം. മിഡിൽ ഓവറുകളിൽ റണ്‍സ് ഒഴുക്കിനെ പിടിച്ചുനിർത്തി വിക്കറ്റ് നേടാൻ പ്രാപ്തിയുള്ള ബൗളർമാരുടെ അഭാവം ഹൈദരാബാദിന്റെ ന്യൂനതയാണ്.
അമിതാവേശം
സീസണിൽ 300 റണ്‍സിനു മുകളിൽ സ്കോർ പടുത്തുയർത്താൻ പ്രാപ്തിയുള്ള ടീമെന്ന ഖ്യാതിയോടെ വന്ന് നാല് തുടർ തോൽവികളാണ് ഹൈദരാബാദ് സന്പാദിച്ചത്. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരേ 286/6 സ്കോർ ചെയ്ത് 300ലേക്ക് എത്തുമെന്ന പ്രതീക്ഷ കാത്തു. എന്നാൽ, കൂറ്റൻ സ്കോറിനായുള്ള അമിത ആവേശം ഹൈദരാബാദിനെ അടിതെറ്റിച്ചു. തോൽവികളിൽനിന്നും ഫോം ഔട്ടിൽനിന്നും പാഠം ഉൾക്കൊള്ളാതെ അമിത ആക്രമണോത്സുകത ബാറ്റർമാർ തുടർച്ചയായി കാണിച്ചു. ഇതോടെ എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമായി.
200നു മുകളിലേക്ക് ടീം ടോട്ടൽ എത്തിക്കാനും ഹൈദരാബാദിന് അവസാന നാലു മത്സരങ്ങളിലും സാധിച്ചില്ല. ലക്നോവിനെതിരേ 190/9, ഡൽഹിക്കെതിരേ 163, കോൽക്കത്തയ്ക്കെതിരേ 120, ഗുജറാത്തിനെതിരേ 152/8 എന്നതായിരുന്നു സ്കോറുകൾ.
കൂട്ടുകെട്ടുകൾ തകർന്നു
ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു ഹൈദരാബാദിന്റെ മികവ്. ട്രാവിസ് ഹെഡ്- അഭിഷേക് ശർമ സഖ്യം ഏത് ബൗളിംഗ് നിരയെയും അടിച്ചുപറത്താൻ കെൽപ്പുള്ളവർതന്നെ. എന്നാൽ, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അഭിഷേകിന്റെ ആകെ സന്പാദ്യം 51 റണ്‍സാണ്. 67, 47 എന്നിങ്ങനെയാണ് ഹെഡിന്റെ ഉയർന്ന സ്കോർ.
കഴിഞ്ഞ നാല് മത്സരങ്ങളിലെ ഉയർന്ന ഓപ്പണിംഗ് പാർട്ണർഷിപ്പാകട്ടെ 15 റണ്‍സും. ഈ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിൽ മൂന്നും നാലും നന്പറുകളിൽ അടിച്ചുപറത്താൻ ഇറങ്ങിയ ബാറ്റർമാരും ഇതോടെ പതറി.
ബൗളർമാർ മധ്യ ഓവറിൽ വിക്കറ്റ് നേടുകയും ഓപ്പണിംഗ് ബാറ്റിംഗ് സഖ്യം പ്രതാപം വീണ്ടെുത്ത് മധ്യനിര അതുമായി മുന്നോട്ടുപോകുകയും ചെയ്താൽ മാത്രമേ സണ്‍റൈസേഴ്സിന് ഉദിച്ചുയരാൻ സാധിക്കൂ...