നാണക്കേടിന്റെ റിക്കാർഡില്‍ ചെന്നൈ
Thursday, April 10, 2025 1:37 AM IST
ചെന്നൈ: ഐപിഎല്ലിൽ 2025 സീസണിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ കൈവിട്ട ടീമെന്ന നാണക്കേടിന്റെ റിക്കാർഡ് ചെന്നൈ സൂപ്പർ കിങ്സിന്റെ പേരിൽ. ചെന്നൈ താരങ്ങൾ ഇതുവരെ കൈവിട്ടത് 12 ക്യാച്ചുകളാണ്.
അതിൽ അഞ്ചെണ്ണം പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിലും. സെഞ്ചുറി നേടിയ പഞ്ചാബ് ഓപ്പണർ പ്രിയാൻഷ ആര്യയെ രണ്ട് തവണ ചെന്നൈ ഫീൽഡർമാർ കൈവിട്ടിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളഞ്ഞ മത്സരവും ഇതുതന്നെ.
മത്സരത്തിൽ ആകെ ഒന്‍പത് ക്യാച്ചുകളാണ് രണ്ടു ടീമുകളും കൂടി വിട്ടുകളഞ്ഞത്. 2023ൽ കോല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിൽ എട്ട് ക്യാച്ചുകൾ കൈവിട്ടതാണ് മുന്‍പുണ്ടായിരുന്ന റിക്കാർഡ്.
അതേസമയം, ആറ് ക്യാച്ചുകൾ വീതം വിട്ടുകളഞ്ഞ ലക്നൗ സൂപ്പർ ജയന്റ്സും പഞ്ചാബ് കിങ്സുമാണ് ഏറ്റവും കൂടുതൽ ക്യാച്ചുകൾ കൈവിട്ട ടീമുകളിൽ രണ്ടാം സ്ഥാനത്തുള്ളത്.