വിഘ്നേഷിനെ ഒഴിവാക്കിയ ഹാര്‍ദിക്കിന്റെ മണ്ടത്തരം!
Wednesday, April 9, 2025 1:04 AM IST
നായകന് മണ്ടത്തരം കാണിച്ചാല്‍ ടീമിന്റെ കാര്യം പറയേണ്ടല്ലോ... അങ്ങനെ ഒരു മണ്ടത്തരം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരായ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കാണിച്ചു. ഇക്കാര്യം പറയുന്നത് മുംബൈ ആരാധകര്‍ അല്ല. മറിച്ച്, മുംബൈക്ക് എതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ടോപ് സ്കോററായ വിരാട് കോഹ് ലിയാണ്.
നേരേ കാര്യത്തിലേക്കു വന്നാല്‍, മലയാളി ചൈനാമാന്‍ സ്പിന്നര്‍ വിഘ്നേഷ് പുത്തൂരിനെ ഇംപാക്ട് സബിനായി പിന്‍വലിച്ച് രോഹിത് ശര്‍മയെ മൈതാനത്ത് എത്തിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഗുണമായെന്നാണ് കോഹ്ലി പറഞ്ഞത്. ആര്‍സിബിയുടെ ഇന്നിംഗ്സില്‍ 15 ഓവര്‍ പൂര്‍ത്തിയായപ്പോഴായിരുന്നു ഈ മാറ്റം.
‘മത്സരത്തിനിടെ മുംബൈയുടെ ഒരു സ്പിന്നറെ അവര്‍ പിന്‍വലിച്ചിരുന്നു. അതോടെ ഞങ്ങള്‍ക്ക് 20-25 റണ്‍സ് അധികം ലഭിച്ചു. കാരണം, സ്പിന്നര്‍ ടീമിനു പുറത്തായതോടെ ഷോര്‍ട്ട് ബൗണ്ടറികളുള്ള മൈതാനത്ത് പേസര്‍മാരെ നേരിടുക എളുപ്പമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു’ - വിരാട് കോഹ്ലി പറഞ്ഞു.
മത്സരത്തില്‍ 67 റണ്‍സ് നേടിയ കോഹ്ലി വിഘ്നേഷിന്റെ പന്തില്‍ തകര്‍പ്പനൊരു സിക്സറിലൂടെയാണ് അര്‍ധസെഞ്ചുറി കടന്നത്. ട്വന്റി-20 കരിയറില്‍ കോഹ്ലിയുടെ 99-ാം അര്‍ധസെഞ്ചറി.
വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും (22 പന്തില്‍ 37) ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത് വിഘ്നേഷ് പുത്തൂര്‍ ആയിരുന്നു. ഒമ്പതാം ഓവര്‍ എറിഞ്ഞ വിഘ്നേഷ് അവസാന പന്തില്‍ ദേവ്ദത്ത് പടിക്കലിനെ വില്‍ ജാക്സിന്റെ കൈകളിലെത്തിച്ച് മുംബൈക്ക് ബ്രേക്ക് ത്രൂ നല്കി.
വിഘ്നേഷിനെ ഒരു ഓവറില്‍ ഒതുക്കി
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചെങ്കിലും വിഘ്നേഷിന് രണ്ടാമത് ഒരു ഓവര്‍ എറിയാനുള്ള അവസരം ഹാര്‍ദിക് പാണ്ഡ്യ നല്‍കിയില്ല. അതേസമയം, മത്സരത്തില്‍ വില്‍ ജാക്സിന് ഒരു ഓവറും മിച്ചല്‍ സാന്റ്നറിന് നാല് ഓവറും നല്കി. സാന്റ്നര്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി, വിക്കറ്റ് ലഭിച്ചില്ല.
വില്‍ ജാക്സ് ഒരു ഓവറില്‍ 10 റണ്‍സ് വഴങ്ങി വെറുംകൈയോടെ മടങ്ങി. ഈ മൂന്നു സ്പിന്നര്‍മാരുടെയും ഇക്കോണമി 10.00. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇക്കോണമി 11.25ഉം ട്രെന്റ് ബോള്‍ട്ടിന്റേത് 14.25ഉം ആയിരുന്നു.
വിക്കറ്റ് ലഭിക്കാത്ത ദീപക് ചാഹറിന്റേത് 14.50ഉം. എന്നിട്ടും വിഘ്നേഷിനെ രണ്ടാമത് ഒന്നു പന്തേല്‍പ്പിക്കാന്‍ ഹാര്‍ദിക് മെനക്കെട്ടില്ലെന്നത് അദ്ഭുതകരമാണ്. മത്സരത്തില്‍ ഏറ്റവും മികച്ച ഇക്കോണമി ജസ്പ്രീത് ബുംറയുടെതാണ്, 7.25.
കോഹ്ലിയെ വന്ദിച്ചു, ബാറ്റും കിട്ടി
ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ മത്സരത്തിലൂടെയാണ് വിഘ്നേഷ് പുത്തൂര്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഘ്നേഷ് സ്വന്തമാക്കി. മത്സരത്തിനിടെ ഈ മലയാളിതാരം എം.എസ്. ധോണിയുടെ കാലില്‍തൊട്ട് വന്ദിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരായ മത്സരത്തില്‍ വിരാട് കോഹ്ലിയുടെ കാലില്തൊട്ടും വിഘ്നേഷ് വന്ദിച്ചു. മത്സരത്തിനുശേഷം കോഹ്ലി തന്റെ ബാറ്റ് വിഘ്നേഷിനു കൈമാറിയതായും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു.
ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും വിഘ്നേഷ് വിക്കറ്റ് വീഴ്ത്തി. 3/32 (ചെന്നൈ), 1/21 (കോല്‍ക്കത്ത), 1/31 (ലക്നോ), 1/10 (ബംഗളൂരു) എന്നതാണ് വിഘ്നേഷിന്റെ ഇതുവരെയുള്ള ബൗളിംഗ് പ്രകടനം.
2025 സീസണ് ഐപിഎല്ലില്‍ മുംബൈയുടെ ആദ്യ അഞ്ചു മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരേ മാത്രമാണ് വിഘ്നേഷ് കളിക്കാതിരുന്നത്.