ചർച്ചയിൽ ബ്രദേഴ്സ് ഡേ
Monday, April 7, 2025 1:37 AM IST
ശ്രീനഗര്‍/കോഴിക്കോട്: ഐ ലീഗ് 2024-25 സീസണില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ സഫലമായില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു പിന്നാലെ ഗോകുലം കേരള എഫ്സിയും ഐഎസ്എല്ലിലേക്ക് എത്തുമെന്ന സ്വപ്നം ഇത്തവണ പൊലിഞ്ഞു. 2024-25 ഐ ലീഗില്‍ ഗോവന്‍ ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
എന്നാല്‍, ചര്‍ച്ചിലിനു കിരീടം ലഭിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍ കാശിയുടെ ഒരു മത്സരം സംബന്ധിച്ച അപ്പീലില്‍ എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) വിധി പ്രസ്താവിക്കാത്തതിനാലാണിത്. സീസണിലെ അവസാന മത്സരത്തില്‍ റിയല്‍ കാഷ്മീരുമായി സമനിലയില്‍ പിരിഞ്ഞാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് നിലവില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 12 വര്‍ഷത്തിനുശേഷമാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് ഐ ലീഗ് കിരീടത്തില്‍ എത്തുന്നതെന്നതും ശ്രദ്ധേയം.
കാഷ്മീര്‍ 1-1 ചര്‍ച്ചില്‍
അവസാന റൗണ്ടില്‍ സമനില നേടിയാലും കിരിടീം സ്വന്തമാക്കാം എന്ന പശ്ചാത്തലത്തിലായിരുന്നു ഇന്നലെ ചര്‍ച്ചില്‍ ബ്രദേഴ്സ് എവേ പോരാട്ടത്തിനായി റിയല്‍ കാഷ്മീരിന് എതിരേ ഇറങ്ങിയത്. എട്ടാം മിനിറ്റില്‍ റിയല്‍ കാഷ്മീര്‍ ലീഡ് നേടി. എന്നാല്‍, 50-ാം മിനിറ്റില്‍ റഫീഖ് അമിനുവിലൂടെ ചര്‍ച്ചില്‍ സമനില സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ ഇന്റര്‍ കാശി 3-1നു രാജസ്ഥാന് യുണൈറ്റഡിനെ തോല്‍പ്പിച്ചു. അതോടെ ലീഗിലെ 22 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ നിലവില്‍ ഒന്നാമതുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് 40ഉം രണ്ടാമതുള്ള ഇന്റര്‍ കാശിക്ക് 39ഉം പോയിന്റാണ്.
ഗോകുലം 3-4 ഡെംപോ
ജയിച്ചാല്‍ മാത്രംപോരാ, ചര്‍ച്ചില്‍ ബ്രദേഴ്സും ഇന്റര്‍ കാശിയും തോല്‍ക്കുകയും വേണമെന്ന പശ്ചാത്തലവുമായി അവസാന മത്സരത്തിനു കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഗോകുലം കേരള എഫ്സിക്കു പിഴച്ചു.
ഹോം ഗ്രൗണ്ടില്‍ ഗോകുലം 3-4ന് ഡെംപോ ഗോവയോട് പരാജയപ്പെട്ടു. തബിസൊ ബ്രൗണ്‍ ഗോകുലത്തിനായി (4', 11', 73') ഹാട്രിക് സ്വന്തമാക്കി. ഡാമിയന്‍ പെരേസ് റോസ ഇഞ്ചുറി ടൈമില്‍ (90+4') നേടിയ ഗോളിലായിരുന്നു ഡെംപോയുടെ ജയം. മത്സരത്തില്‍ ഡാമിയല്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി.
ഇനി കപ്പിനായി കാത്തിരിപ്പ്...
ഐ ലീഗ് ഫുട്ബോൾ 2024-25 സീസണില്‍ 22 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 40 പോയിന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്സാണ് ഒന്നാമത് എങ്കിലും എഐഎഫ്എഫ് ക്ലബ്ബിന് ട്രോഫി സമ്മാനിച്ചിട്ടില്ല. 39 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍ കാശി ചാമ്പ്യന്മാരാകാനുള്ള സാധ്യത ഉണ്ടെന്നതിനാലാണിത്.
കാരണം, ജനുവരി 13ന് നാംധാരി എഫ്സി ജയിച്ച മത്സരത്തില്‍ ചട്ടത്തിന് എതിരായി കളിക്കാരെ ഇറക്കി എന്ന് ഇന്റര്‍ കാശി പരാതി നല്‍കിയിട്ടുണ്ട്. മത്സരത്തില്‍ ഇന്റര്‍ കാശി പരാജയപ്പെട്ടിരുന്നു. ഇന്റര്‍ കാശിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് എഐഎഫ്എഫ് കണ്ടെത്തിയാല്‍ അവര്‍ക്ക് മൂന്നു പോയിന്റ് ലഭിക്കും. അതോടെ 42 പോയിന്റുമായി ഐ ലീഗ് ചാമ്പ്യന്മാരാകാനും അടുത്ത സീസണ് ഐഎസ്എല്ലിലേക്ക് യോഗ്യത നേടാനും ഇന്റര്‍ കാശിക്കു വഴിതെളിയും.