ദോഹ ഡയമണ്ട് ലീഗ്; മത്സരത്തിനൊരുങ്ങി നീരജ് ചോപ്ര
Thursday, April 10, 2025 1:37 AM IST
ദോഹ: ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ഒളിംപിക് ജാവലിൻ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്ര മത്സരിക്കും. മേയ് 16നാണ് ദോഹ ഡയമണ്ട് ലീഗ് നടക്കുന്നത്.
നിലവിലെ ലോക, ഏഷ്യൻ ഗെയിംസ് ചാംപ്യനായ നീരജ് ചോപ്ര തുടർച്ചയായ മൂന്നാം വർഷമാണ് ദോഹ ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്നത്. ഖത്തറിൽ നടക്കുന്ന വാർഷിക ഏകദിന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ് ദോഹ ഡയമണ്ട് ലീഗ്.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 2024ലെ പാരീസ് ഒളിംപിക്സിൽ പാക്കിസ്ഥാന്റെ അർഷാദ് നദീമിനോട് പരാജയപ്പെട്ട് റണ്ണറപ്പായെങ്കിലും, ചോപ്ര തന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ത്രോ പുറത്തെടുത്തിരുന്നു. 2023ൽ നീരജ് സ്വർണം നേടിയിരുന്നു.
അതിശയപ്പെടുത്തുന്ന പിന്തുണയാണ് ഖത്തറിലെ പ്രവാസി ഇന്ത്യക്കാരിൽനിന്ന് തനിക്ക് ലഭിക്കാറുള്ളതെന്നും ദോഹയിലെ ആരാധകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും നീരജ് വ്യക്തമാക്കി.
ലോകചാന്പ്യൻഷിപ്പിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സ്വർണം നേടാനുള്ള തയാറെടുപ്പിലാണ് നീരജ്. ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് ഈ വർഷം നടക്കുന്നതിനാൽ മികച്ച താരങ്ങളെല്ലാം ഖത്തറിലെത്തുമെന്ന് ഉറപ്പാണ്.
89.94 മീറ്റർ ദൂരം എറിഞ്ഞ് ഇന്ത്യയുടെ ദേശീയ റിക്കാർഡ് ഉടമയായ ചോപ്ര 2016ലെ ലോക അണ്ടർ 20 ചാംപ്യൻഷിപ്പിൽ 86.48 മീറ്റർ ദൂരം എറിഞ്ഞ് ലോക റിക്കാർഡ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റായിരുന്നു. ടോക്കിയോയിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ രാജ്യത്തെ ആദ്യത്തെ ഒളിംപിക് സ്വർണ മെഡൽ ജേതാവ് കൂടിയാണ് ചോപ്ര.